മലപ്പുറം: തിരൂര്‍-പൊന്നാനി പുഴയില്‍ മലിന ജലം ഒഴുക്കിവിട്ട കണ്ടെയ്‌നര്‍ ലോറി നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ആന്ധ്രാപ്രദേശില്‍ നിന്ന് തിരൂര്‍ മാര്‍ക്കറ്റിലേക്ക് മത്സ്യം കയറ്റി വന്ന ലോറിയാണ് പിടിച്ചെടുത്തത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം കയറ്റി വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ പൊന്നാനി പുഴയിലേക്ക് മലിനജലം ഒഴുക്കിവിടുന്നെന്ന സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ആന്ധ്രയില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് മലിന ജലം യാഡിലൂടെ ഒഴുക്കി വിടുന്നായി കണ്ടെത്തിയത്. തുടര്‍ന്ന് തിരൂര്‍ പൊലീസിന്‍റെ സഹയത്തോടെ ലോറി കസ്റ്റഡിയില്‍ എടുത്തു. ലോറി ഡ്രൈവര്‍ക്കെതിരെ 25,000 രൂപ പിഴയും ചുമത്തി. ദിവസവും നൂറുകണക്കിന് ലോറികളാണ് തിരൂര്‍ മാര്‍ക്കറ്റിലെത്തുന്നത്. വാഹനങ്ങള്‍ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ശേഷം രാത്രിയിലാണ് ഇവര്‍ മലിന ജലം ഒഴുക്കിക്കളയുന്നത്. വരും ദിവസങ്ങളില്‍ പരിശോധ ശക്തമാക്കുമെന്നും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.മണികണ്‌ഠന്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത്, ഡാനിഷ്, മുഹമ്മദ് ഹുസൈൻ, ഖാലിദ, എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.