മലപ്പുറം: താളത്തിനൊപ്പം കൊട്ടിക്കയറി സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് അഭിഷേകെന്ന കൊച്ചു മിടുക്കന്‍. തിരൂരിലെ പാറശേരി സ്വദേശി സുമേഷ്-ശ്രീവിദ്യ ദമ്പതികളുടെ മകനായ ഈ ആറ് വയസുകാരന്‍റെ കൊട്ട് കേട്ട് ആരാധകരായവര്‍ നിരവധി പേരാണ്. അടുത്ത വീട്ടിലെ കോലുപാലം സംഗീത് ബാന്‍ഡ് സെറ്റ് കലാകാരനായ സുഭാഷിന്‍റെ ബാന്‍ഡ് സെറ്റ് പരിശീലനം ദിവസവും കണ്ടാണ് അഭിഷേകും കൊട്ടിത്തുടങ്ങുന്നത്. മൂന്നാം വയസില്‍ പേനകൊണ്ടായിരുന്നു ആദ്യം കൊട്ടിയത്. മാതാപിതാക്കളും സുഭാഷും പ്രോത്സാഹനം നല്‍കിയതോടെ സിനിമ ഗാനങ്ങള്‍ക്കൊപ്പം മനോഹരമായി കൊട്ടി തുടങ്ങി.
സുഭാഷിന്‍റെ സഹോദരനാണ് അഭിഷേക് കൊട്ടുന്ന വീഡിയോ കോലുപാലം സംഗീത് ബാന്‍ഡ് സെറ്റിലെ മാസ്റ്റര്‍ മുസ്തഫ ഇരിങ്ങാവൂറിന് അയച്ചുകൊടുക്കുന്നത്. അദ്ദേഹം അത് ഓള്‍ കേരള ബാന്‍ഡ് അസോസിയേഷന് അയച്ചുകൊടുക്കുകയും പിന്നീട് ഇവരുടെ ഔദ്യോഗിക ഫേയ്‌സ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തതോടെയാണ് കുഞ്ഞു കലാകാരന്‍ താരമായത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി വന്നത്. വീഡിയോ കണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍ അഭിഷേകിനെ വീഡിക്കോള്‍ ചെയ്‌ത് സംസാരിച്ചു. തറയിലും പലകയിലും കൊട്ടി ശിലിച്ച അഭിഷേകിന് അദ്ദേഹം ഒരു പുതിയ ബാന്‍ഡ് സെറ്റും സമ്മാനമായി നല്‍കി. തിരൂര്‍ ബിപി അങ്ങാടി ജിഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിഷേക്.