ആലപ്പുഴ : സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്‍റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് മന്ത്രി കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
സംഭവത്തില്‍ ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിങ് സെന്‍ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്‌ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംഭവത്തില്‍ നാല് ഡോക്‌ടര്‍മാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടര്‍മാര്‍ക്കെതിരെയുമാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസിന്‍റേതാണ് നടപടി. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രസവത്തിന് മുന്‍പ് നടത്തിയ സ്‌കാനിങ്ങുകളില്‍ നവജാത ശിശുവിന്‍റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഡോക്‌ടര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് ദമ്പതികളുടെ പരാതി. പ്രസവിച്ച് നാല് ദിവസത്തിന് ശേഷം മാത്രമാണ് കുഞ്ഞിനെ കാണിച്ചതെന്നും ദമ്പതികൾ പരാതിയിൽ പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പൊലീസ് കേസെടുത്തിരിക്കുന്ന ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളില്‍ ഒരാള്‍ പറഞ്ഞു. ആദ്യ മൂന്ന് മാസം മാത്രമായിരുന്നു കുട്ടിയുടെ അമ്മയെ പരിചരിച്ചത്. ഗര്‍ഭപിണ്ഡത്തിൻ്റെ വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് അവര്‍ തന്നെ കാണിച്ചതെന്നുമാണ് ഡോക്‌ടറുടെ പ്രതികരണം.
Also Read : വിനോദയാത്രയ്‌ക്കിടെ സ്പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 75 പേർ ചികിത്സ തേടി