മലപ്പുറം: ഒന്‍പത് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തിയാക്കി ശ്രദ്ധേയമാവുകയാണ് മലപ്പുറം സ്വദേശിനിയായ 24കാരി. താനൂര്‍ എടക്കര സ്വദേശി ഷഹനമോളാണ് ഖുര്‍ആനിന്‍റെ 114 അധ്യായങ്ങളും എഴുതി പൂര്‍ത്തിയാക്കിയത്. അറബിക് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ഷഹന അറബിക് കാലിഗ്രാഫി നിരന്തരം എഴുതി പരിശീലിച്ചിരുന്നു.
തുടര്‍ന്നാണ് 2021 ഒക്‌ടോബറില്‍ ഖുര്‍ആനിലെ ചെറിയ സൂറത്തുകള്‍ (അധ്യായങ്ങള്‍) എഴുതി തുടങ്ങിയത്. അക്ഷര തെറ്റുകളില്ലാതെ വളരെ വ്യക്തമായി തനിക്ക് എഴുതാനാവുമെന്ന് മനസിലാക്കിയ ഷഹന പിന്നീട് വലിയ സൂറത്തുകള്‍ എഴുതാന്‍ ആരംഭിച്ചു. ഒക്‌ടോബറില്‍ ആരംഭിച്ച ഖുര്‍ആന്‍ എഴുത്ത് ഇക്കഴിഞ്ഞ ജൂണില്‍ ഷഹനയ്ക്ക് പൂര്‍ത്തിയാക്കാനുമായി.
പ്രിന്‍റിംഗിനെ പോലും വെല്ലുന്ന തരത്തിലാണ് ഷഹനയുടെ എഴുത്ത്. 609 പേജുകളിലായി എഴുതി പൂര്‍ത്തിയാക്കിയ ഖുര്‍ആനിലെ ഓരോ ജുസ്‌ഹുകളും (ഭാഗം) പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഷഹന എഴുതി പൂര്‍ത്തിയാക്കിയ പേജുകള്‍ മുഴുവന്‍ ഭംഗിയായി ബൈൻഡ് ചെയ്തിട്ടുമുണ്ട്.
എഴുതി പൂര്‍ത്തിയാക്കിയ ഖുര്‍ആന്‍ താനൂരിലെ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജിലെ അധ്യാപകന്‍ ബാസിത് ഹുദവി മുഴുവനായും പരിശോധിച്ചു. തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കാനായ ഖുര്‍ആന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഷഹാന കൈമാറി. ഇനിയും രണ്ട് മാസങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ എഴുതി പൂര്‍ത്തിയാക്കണമെന്നും അത് ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജിലെ ഖുത്വുബുഖാനയിലേക്ക് കൈമാറണമെന്നുമാണ് ഷഹാനയുടെ ആഗ്രഹം.
എഴുത്തില്‍ മാത്രമല്ല ചിത്ര രചനയിലും ഷഹാന കഴിവ് തെളിയിച്ചിട്ടുണ്ട്. ചെട്ടിപ്പടി സ്വദേശി അഫ്‌സലാണ് ഷഹാനയുടെ ഭര്‍ത്താവ്. ഖുര്‍ആന്‍ എഴുതി പൂര്‍ത്തിയാക്കുന്നതില്‍ ഭര്‍ത്താവ് വലിയ പ്രോത്സാഹനമാണ് നല്‍കിയതെന്ന് ഷഹനമോള്‍ പറഞ്ഞു.
also read: Mirror Writing Record: പഠനം ഒന്നാം ക്ലാസില്‍, എഴുത്ത് തലതിരിച്ച്; നഹ്‌ല ഫാത്തിമ ആളൊരു മിടുമിടുക്കി