മലപ്പുറം: കൊവിഡ് പ്രതിരോധത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. പ്രതീക്ഷ, ഡോക്ടര്‍ @ ഡോര്‍, ടെലി മെഡിസിന്‍, സ്റ്റബിലൈസേഷന്‍ യൂണിറ്റ്, ഓക്‌സി ബാങ്ക് തുടങ്ങിയ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്. ഇവയുടെ നടത്തിപ്പിനായി 82.67 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്.
കൊവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും ടെലി മെഡിസിന്‍ പദ്ധതിയായ 'പ്രതീക്ഷ' ആശ്വാസമേകും. ഐ.എം.എ തിരൂരങ്ങാടി യൂണിറ്റിലേയും, വേങ്ങര സി.എച്ച്.സിയിലേയും പത്തിലധികം ഡോക്‌ടര്‍മാരുടെയും ജനപ്രതിനിധികളുടെയും ആര്‍.ആര്‍.ടി അംഗങ്ങളുടെയും സേവനം ഇതിലൂടെ ലഭിക്കും.
കൂടാതെ രോഗികളെ വീടുകളിലെത്തി ചികിത്സിക്കുന്ന ഡോക്ടര്‍ @ ഡോര്‍ പദ്ധതിയും നടപ്പാക്കുന്നു. 15 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഡോക്‌ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘം രോഗികളെ പരിശോധിക്കുന്നതിനായി വീടുകളിലെത്തും.
ബ്ലോക്കില്‍ പുതുതായി ആരംഭിക്കുന്ന കൊവിഡ് സ്റ്റബിലൈസേഷന്‍ യൂണിറ്റിനായി 15 ലക്ഷം വകയിരുത്തിയിട്ടുണ്ട്. കൊവിഡ് പരിശോധനക്കും കിടത്തി ചികിത്സയും തുടര്‍ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതിനും ഇതുപ്രകാരം സാധിക്കുന്നു.
കൂടുതല്‍ വായനക്ക്: മലപ്പുറത്ത് ഞായറാഴ്‌ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം
പൊതുജനങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകാരപ്രദമാകും വിധം ഓക്‌സീ മീറ്ററുകളും, മെഡിക്കല്‍ ഉപകരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് സി.എച്ച്.സിയില്‍ വാങ്ങി സൂക്ഷിക്കുകയും ആവശ്യമനുസരിച്ച് പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വഴി വിതരണം ചെയ്യുന്ന പദ്ധതിയാണ് ഓക്‌സി ബാങ്ക്. ഇതിനായി 10.67 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
കൂടുതല്‍ വായനക്ക്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമഗ്ര പദ്ധതികളുമായി മലപ്പുറം നഗരസഭ
വേങ്ങര സി.എസ്.എല്‍.ടി.സിയിലേക്കായി പുതിയ എക്‌സറെ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപ വകയിരുത്തി. സി.എസ്.എല്‍.ടി.സിയിലേക്കായി പുതിയ ഓക്‌സിജന്‍ പ്ലാന്‍റും അനുവദിച്ചിട്ടുണ്ട്. സി.എസ്.എല്‍.ടി.സിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് 30 ലക്ഷം അനുവദിച്ചു.