മലപ്പുറം: ആന്ധ്രയിൽ നിന്നും മലപ്പുറത്തേക്ക് ലോറിയിൽ കൊണ്ടുവരികയായിരുന്ന 300 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് ഉള്ളി കയറ്റി കൊണ്ടുവരികയായിരുന്ന KL 10 AP 34 84 ലോറിയിൽ ആയിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചത് . മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവുമായി ലോറിയും എസ്കോർട്ട് ആയി മുന്നിൽ പോയിരുന്ന ഇന്നോവ കാറും പിടിയിലായത്.
സംഭവത്തിൽ അരീക്കോട് സ്വദേശി ഷാഹുൽ ഹമീദ് , മഞ്ചേരി തുറക്കൽ സ്വദേശി അക്ബർ അലി , കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാൻ , മലപ്പുറം ഇരുമ്പുഴി സ്വദേശി നജീബ് , കരിപ്പൂർ സ്വദേശി മുഹമ്മദ് ഇർഷാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. പ്രതികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. മലപ്പുറം ഡിവൈഎസ്‌പി ഹരിദാസൻ , പൊലീസ് ഇൻസ്പെക്ടർ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.