മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ വിമാനം ഇടിച്ചിറങ്ങി 2 പൈലറ്റുമാരടക്കം 18 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് 122 പേര്‍ കോഴിക്കോടും മലപ്പുറത്തും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്ക് പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ IX 1344 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.45 ഓടെ അപകടത്തില്‍പ്പെട്ടത്. 10 കുട്ടികളടക്കം 184 യാത്രക്കാരും 6 ജീവനക്കാരുമടക്കം ആകെ 190 പേര്‍ വിമാനത്തിലുണ്ടായിരുന്നു.
ശക്തമായ മഴയിൽ റൺവേ കാണാൻ സാധിക്കാത്തതാണ് കരിപ്പൂരിൽ അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. 30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള ക്യാപ്റ്റന്‍ ദീപക് സാത്തേയാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പൂർണ വേഗതയിലായിരുന്നതിനാൽ ടേബിൾ ടോപ്പ് റൺവേയുടെ അവസാനം വരെ വിമാനം ഓടുകയും തുടർന്ന് നിയന്ത്രണം വിട്ട് 35 അടി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. മതിലിൽ ഇടിച്ച് മുൻവശം പൂർണമായി തകർന്ന വിമാനം രണ്ടായി പിളർന്നു. തീപിടിത്തം ഉണ്ടാകാതിരുന്നത് ദുരന്തത്തിന്‍റെ വ്യാപ്‌തി കുറച്ചു. വിമാനത്താവളത്തിന്‍റെ 300 മീറ്റർ മാത്രം അകലെ ജനവാസ പ്രദേശമാണ്. വിമാനം ഇവിടേയ്ക്ക് നീങ്ങാതിരുന്നതും വലിയ അപകടമൊഴിവാക്കി.
ക്രാഷ് ലാന്‍ഡിംഗ് ഉറപ്പിച്ചപ്പോള്‍ തന്നെ വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തന വിഭാഗങ്ങള്‍ സജ്ജമായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മലപ്പുറം ജില്ലാ കലക്ടര്‍ എ. ഗോപാലകൃഷ്ണനും മന്ത്രി എസി മൊയ്തീനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നൂറിലധികം ആംബുലന്‍സുകളും വിവിധ ജില്ലകളിലെ ഫയര്‍ഫോഴ്സ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
എന്‍ഡിആര്‍ഫ്, ഫയര്‍ഫോഴ്സ്, പൊലീസ് തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളും മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. ഒന്നര മണിക്കൂറിനുള്ളില്‍ എല്ലാവരെയും ആശുപത്രിയിലെത്തിക്കാനായെന്നും യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്താവള അധികൃതര്‍ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖര്‍ വിമാനത്താവളാപകടത്തില്‍ അനുശോചിച്ചു. അപകടം നടുക്കമുളവാക്കിയെന്ന് രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താനായി രണ്ട് വിദഗ്ധ സംഘങ്ങള്‍ ശനിയാഴ്ച കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും അപകട സ്ഥലത്ത് സന്ദര്‍ശനം നടത്തും.