മലപ്പുറം: മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് കൂടി നിലമ്പൂരില്‍ കൊവിഡ് 19. കൂടുതൽ പേർക്ക് കൊവിഡ് 19 സ്ഥിരികരിച്ചതോടെ നിലമ്പൂർ നഗരസഭാ പരിധിയിലെ മത്സ്യ മാർക്കറ്റും താൽക്കാലിക ചന്തകളും അടച്ചിടും. ചെയർപേഴ്‌സണ്‍ പത്മിനി ഗോപിനാഥിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 15 ദിവസത്തേക്കാണ് അടച്ചിടല്‍.
മത്സ്യ മാർക്കറ്റുകളിലെ 13 പേർക്കും ഒരു കുടുംബത്തിലെ അഞ്ച് പേർക്കുമാണ് ആന്‍റിജന്‍ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരികരിച്ചത്. ചന്തക്കുന്ന് മത്സ്യ മാർക്കറ്റില്‍ മൂന്ന്, മമ്പാട് മത്സ്യ മാർക്കറ്റില്‍ ഒന്ന്, ചുങ്കത്തറ മത്സ്യ മാർക്കറ്റില്‍ രണ്ട്, ചോക്കാട് ഒന്ന്, കരുവാരക്കുണ്ട് ഒന്ന്, അഞ്ച് മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ആംബുലെൻസ് ഡ്രൈവറും കുടുംബാംഗങ്ങളും ഉൾപ്പെടെ അഞ്ച് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
സമൂഹ വ്യാപനം ഉണ്ടായോ എന്ന് നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: നാലകത്ത് അബൂബക്കർ, ഡോ: പ്രവീണ, ഡോ: ചാച്ചി. ബ്ലോക്ക് സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ പി.ശബരീശൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്‌ടർ മൻസൂർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരിഷ്, ഇൻസ്പെക്ടർമാരായ ഗിരിഷ്. ജിതിൻ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.ഇതിനകം നഗരസഭാ പരിധിയില്‍ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.