കോഴിക്കോട്: പൗരത്വ നിയമത്തിന്റെ വിശദീകരണത്തിനായി കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് മുസ്ലീം യൂത്ത് ലീഗ് കറുത്ത മതിൽ തീർക്കുമെന്ന് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിജെപിയുടെ റാലിയിൽ പങ്കെടുക്കാൻ ജനുവരി 15ന് കോഴിക്കോട്ടെത്തുന്ന അമിത് ഷാക്കെതിരെ ഒരു ലക്ഷം പ്രവർത്തകരെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വിമാനത്താവളം മുതൽ വെസ്റ്റ് ഹിൽ വിക്രം മൈതാനി വരെയുള്ള 35 കിലോമീറ്റർ ദൂരമാണ് കറുത്ത വസ്ത്രം ധരിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കറുത്ത മതിൽ തീർക്കുക. റോഡിന്റെ ഒരു ഭാഗത്തായി ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കും. ഗുജറാത്തിലെ കലാപത്തിന് സമാനമായ കലാപം രാജ്യവ്യാപകമായി നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ജെഎൻയുവിൽ ഇന്നലെ അക്രമം നടന്നതെന്നും പി.കെ ഫിറോസ് പറഞ്ഞു. ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ കൂടിയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ബിജെപിയുടെ ജനസമ്പർക്ക പരിപാടിയോട് ഒരു തരത്തിലും യൂത്ത് ലീഗിന് യോജിക്കാൻ കഴിയില്ല. അതിനെ അനുകൂലിച്ച കാരാട്ട് റസാഖ് എം എൽ എ ക്കെതിരെ നടപടിയെടുക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.