കോഴിക്കോട്: മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് 'ഹരിത'യിൽ നിന്ന് പുറത്താക്കപ്പെട്ട യുവതികള്‍. ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് വിഷയം വഷളാക്കിയതെന്ന് ഹരിത മുൻ സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നി ആരോപിച്ചു. ലീഗിനെ പ്രതിരോധത്തിലാക്കാതിരിക്കാൻ വേണ്ടിയാണ് ഇതുവരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വരാതിരുന്നത്.
ഏറ്റവും മോശമായ പ്രയോഗങ്ങള്‍
പാർട്ടിക്കും വനിത കമ്മിഷനും നൽകിയ പരാതികൾ രണ്ടും രണ്ടാണ്. എം.എസ്.എഫ് നേതാക്കളുടെ കടുത്ത അധിക്ഷേപത്തിന് വിധേയരാവേണ്ടി വന്നതിനാലാണ് പരാതി നൽകിയത്. ഹരിതയെ നയിക്കുന്നത് ഒരു സൈബർ ഗുണ്ടയാണെന്നും ഇവര്‍ ആരോപിച്ചു. 'തൊലിച്ചികൾ' എന്ന് പരസ്യമായി വിളിച്ച് തങ്ങളെ അധിക്ഷേപിച്ചു. വേശ്യക്കും അവരുടേതായ ന്യായീകരണമുണ്ടാവും എന്ന് പറഞ്ഞാണ് ചില നേതാക്കള്‍ തങ്ങളെ അഭിസംബോധന ചെയ്തതെന്നും തെസ്നി പറഞ്ഞു.
ഒരു പെൺകുട്ടിക്ക് താങ്ങാനാവാത്ത വഴിയിലൂടെയാണ് ഹരിതയിലെ പെൺകുട്ടികൾ കടന്നു പോയതെന്ന് ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവം ലീഗിലെ എല്ലാ മുതിർന്ന നേതാക്കളെയും ബോധിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങള്‍ ചെവിക്കൊള്ളാൻ ആരും തയ്യാറായില്ല. വീഡിയോകളും ചിത്രങ്ങളും ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ നടപടിക്ക് തയ്യാറായില്ല. പ്രസ്ഥാനത്തിന്‍റെ തലപ്പത്തിരിക്കുന്നവരുടെ മനോഭാവം ഇതാണെങ്കിൽ അത് വലിയ അപകടം ചെയ്യും.
പി.എം.എ സലാമിന്‍റെ അധിക്ഷേപം
ലീഗ് ജനറൽ സെക്രട്ടറി അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് ക്രൂരതയാണ്. വിഷയം പാർട്ടി ചർച്ച ചെയ്തത് തന്നെ പരിഹാസ്യമായാണ്. കോഴിക്കോട് തെണ്ടിത്തിരിഞ്ഞ് നടക്കാനാണ് ഹരിത പെൺകുട്ടികൾ വരുന്നത് എന്നടക്കം പറഞ്ഞാണ് പി.എം.എ സലാം അധിക്ഷേപിച്ചത്. ജീവിതം തളർത്തുന്ന ആക്രമണങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വീണ്ടും ക്രൂശിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും യുവതികള്‍ ആരോപിച്ചു.
പാര്‍ട്ടി വിടുന്നില്ല
മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കാൻ തത്കാലം തയ്യാറല്ല. സമവായ ചർച്ചകളിൽ പി കെ നവാസ് തെറ്റ് സമ്മതിക്കാൻ തയ്യാറായിരുന്നില്ല. എല്ലാം ഒത്തുതീർപ്പായി എന്ന് പി.എം.എ സലാം പറഞ്ഞത് കള്ളമാണ്. നേതൃത്വം എഴുതി തയ്യാറാക്കിയ ഉത്തരവ് അംഗീകരിക്കാൻ യുവതികള്‍ തയ്യാറായിരുന്നില്ല. പെൺകുട്ടികൾക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നാണ് പി.എം.എ സലാമിന്‍റെ ധാരണ. പാണക്കാട്ട് കുടുംബത്തിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കുണ്ട്. ആരുടെയും പ്രേരണയിൽ നിന്നല്ല പരാതി ഉന്നയിച്ചത്.
ഹരിതയിലെ പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്യണമെങ്കിൽ തങ്ങളെ എന്തിന് പുറത്താക്കി എന്ന് ആദ്യം അറിയണം. പി.കെ നവാസിനെ സംരക്ഷിക്കാൻ വേണ്ടി വനിത പ്രവർത്തകരെ ബലിയാടാക്കിയെന്നും ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവർ പറയുന്നു.
കൂടുതല്‍ വായനക്ക്: പി.പി ഷൈജലിനെ MSF സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി