കോഴിക്കോട്: ലോക്ക് ഡൗൺ കാലത്തെ മാതൃകാപരമായ പ്രവർത്തനത്തിന് ജനമൈത്രി പൊലീസിനെ ആദരിച്ച് വനിതാ കമ്മിഷൻ. കോഴിക്കോട് റൂറൽ ജനമൈത്രി പൊലീസിനെയും പയ്യോളി ജനമൈത്രി പൊലീസ് സേനയെയുമാണ് ആദരിച്ചത്.
കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച കേരള വനിത കമ്മിഷൻ മെഗാ അദാലത്തിനിടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കോഴിക്കോട് റൂറൽ ജനമൈത്രി പൊലീസ് സേനക്ക് വേണ്ടി നോഡൽ ഓഫീസർ ഡി.വൈ.എസ്.പി അശ്വകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.
പയ്യോളി ജനമൈത്രി പൊലിസ് സ്റ്റേഷന് വേണ്ടി സബ് ഇൻസ്പെക്‌ടർമാരായ സത്യൻ, രമേശ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ് താര, അഡ്വ. ഷിജി ശിവജി, ഇ.എം രാധ, സീനിയർ സൂപ്രണ്ട് ജയ്മോൻ എ. ജോൺ എന്നിവർ ചേർന്നാണ് പുരസ്‌കാരം നൽകിയത്.