കോഴിക്കോട്: കക്കാടംപൊയിലിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി. അങ്ങാടിയിൽനിന്നും 500 മീറ്റർ അകലെ ഗീവർഗീസ് നഗറിലാണ് ഒറ്റയാൻ ഇറങ്ങിയത്. വെള്ളിയാഴ്‌ച (ഡിസംബർ 23) രാത്രി 8.30നാണ് നാട്ടുകാർ ആനയെ കണ്ടത്. വലിയ ശബ്‌ദം പുറപ്പെടുവിച്ച് ആനയെ നാട്ടുകാർ അകറ്റി.
വനാതിർത്തിയോട് ചേർന്ന സ്ഥലമാണിത്. ഈ ഭാഗത്ത് ആദ്യമാണ് ആനയിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ക്രിസ്‌മസ് കരോൾ നടക്കുന്നത് കാരണം ധാരാളം പേർ രാത്രി ഈ മേഖലയിൽ തമ്പടിച്ചിരുന്നു. ഇതിനിടെ കാട്ടാന എത്തിയത് ആളുകളെ പരിഭ്രാന്തരാക്കി.
കഴിഞ്ഞ മാസം കോനൂർകണ്ടിയിൽ കാട്ടാനകൾ ഇറങ്ങി ഒട്ടേറെ വാഹനങ്ങൾ തകർത്തിരുന്നു. പീടികപ്പാറ, തേനരുവി ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
Also read: പാലക്കാട് എഴുന്നള്ളത്തിനെത്തിച്ച രണ്ട് ആനകൾ വിരണ്ടോടി ; 5 പേർക്ക് പരിക്ക്