കോഴിക്കോട്: മണാശ്ശേരി നെല്ലിക്കുന്ന് മലയിൽ മുക്കം ഓർഫനേജിൻ്റ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വച്ച് കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കാട്ടുപന്നി ശല്യം വർധിച്ചതോടെ മുക്കം നഗരസഭ നൽകിയ പ്രത്യേക അഭ്യർഥന പ്രകാരം വനം വകുപ്പ് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ മുക്കം നഗരസഭയ്ക്ക് അനുമതി നൽകിയിരുന്നു. പ്രദേശവാസികൾ കാട്ടുപന്നി ഇറങ്ങിയതായി വിവരമറിയിച്ചതിനെത്തുടർന്ന് നഗരസഭ ചുമതലപ്പെടുത്തിയ കച്ചേരി സ്വദേശി സി.എം ബാലൻ സ്ഥലത്തെത്തി വെടിവച്ച് കൊല്ലുകയായിരുന്നു. പന്നി ശല്യം രൂക്ഷമായതോടെ കൃഷി ചെയ്യാൻ ഏറെ പ്രയാസപ്പെട്ടിരുന്നുവെന്നും പന്നിയെ വെടിവയ്‌ക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കർഷകനായ അടുക്കത്തിൽ മുഹമ്മദ് ഹാജി പറഞ്ഞു. മുക്കം ഓർഫനേജിന്‍റെ ഉടമസ്ഥതയിലുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത് എട്ടര ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്യുകയായിരുന്നു മുഹമ്മദ് ഹാജി.
നഗരസഭാധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പന്നിയുടെ ജഡത്തിന്‍റെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തീകരിച്ചു കുഴിച്ചുമൂടി. നടപടിക്രമങ്ങൾക്ക് ഫോറസ്‌റ്റ് ഉദ്യോഗസ്ഥരായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അഷറഫ്, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നീതു എസ്.തങ്കച്ചൻ, മുക്കംകൃഷി ഓഫീസർ പ്രിയ മോഹൻ, നഗരസഭാ കൗൺസിലർ കെ.ടി ശ്രീധരൻ, സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർമാരായ കെ.ഷാജു, കെ.അഷ്‌റഫ്, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ പി.ജലീസ്, സി.മുഹമ്മദ് അസ്ലം എന്നിവർ നേതൃത്വം നൽകി.