കോഴിക്കോട്: താമരശേരി ചുരം റോഡിന് ബദലായി നിർമിക്കാൻ പദ്ധതിയിട്ട തുരങ്കപാതയുടെ ഫയൽ മടക്കി വനംവകുപ്പ്. പാതയ്ക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി കണ്ടെത്തി റിസർവ് വനമായി പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ, കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിയ്ക്കായി ശിപാർശ ചെയ്യുള്ളുവെന്ന് വ്യക്തമാക്കിയാണ് ഫയൽ തിരിച്ചയച്ചത്.
വിവിധ നിർമാണ പ്രവൃത്തികൾക്കായി സർക്കാർ ഏറ്റെടുക്കുന്ന വനഭൂമിക്ക്, പകരം ഭൂമി നൽകണമെന്നതാണ് ചട്ടം. വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരം പത്തിരട്ടി മരങ്ങൾ വെച്ചുപിടിപ്പിക്കുകയും വേണം. എന്നാൽ പല പദ്ധതികളിലും ചട്ടം പാലിക്കപ്പെട്ടില്ല എന്ന് കാണിച്ചാണ് വനം വകുപ്പിൻ്റെ നടപടി. 17. 263 ഹെക്‌ടര്‍ വനഭൂമിയാണ് പദ്ധതിക്കായി വിട്ടുകൊടുക്കേണ്ടത്.
പദ്ധതിയുടെ തുടക്കത്തില്‍ വനം വകുപ്പ് എതിർപ്പ് അറിയിച്ചിരുന്നു. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യയുണ്ടെന്ന ആശങ്കയാണ് ഉന്നയിച്ചത്. എന്നാൽ വനം വകുപ്പ് ചൂണ്ടിക്കാണിച്ച ആശങ്കകൾ പരിഹരിക്കാമെന്ന് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത കൊങ്കൺ റെയിൽവെ കോർപ്പറേഷൻ ഉറപ്പ് നൽകിയതോടെയാണ് പദ്ധതി മുന്നോട്ട് പോയത്.
2043 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയ്ക്ക് നിലവിൽ വനം വകുപ്പിട്ട 'തുരങ്കം' മറികടക്കണമെങ്കിൽ സർക്കാർ പകരം ഭൂമി കണ്ടെത്തിയേ മതിയാകൂ.