കോഴിക്കോട് : മുസ്ലിം സമുദായത്തിൻ്റെ അട്ടിപ്പേറവകാശം മുസ്ലിംലീഗിന് ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദത്തിനുള്ള മറുപടിയാണ് കോഴിക്കോട്ടെ ബഹുജന കൂട്ടായ്മയെന്ന് എം.കെ മുനീർ. മോദി സർക്കാർ കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയ പോലെ വഖഫിലെ മുസ്ലിംലീഗ് പ്രക്ഷോഭത്തിന് മുന്നിൽ പിണറായി വിജയന് കണ്ടംവഴി ഓടേണ്ടി വരുമെന്നും മുനീർ ആക്ഷേപിച്ചു.
ഗവർണർക്ക് അയച്ച് നിയമമാകാൻ പോകുന്ന വഖഫ് വിഷയത്തിൽ പുനരാചോലിക്കാമെന്ന പിണറായിയുടെ ഉറപ്പ് ഒരിക്കലും നടക്കാത്തതാണ്. തലയിൽ ആൾപ്പാർപ്പുള്ളവർക്ക് അത് മനസിലാകുമെന്നും സമസ്തയ്ക്കുള്ള പരോക്ഷ വിമർശനമായി മുനീർ പറഞ്ഞു.
വഖഫ് നയം സർക്കാരിന് തിരുത്തേണ്ടി വരുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരും. സമുദായ ഐക്യം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്നും ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
ALSO READ: വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണം : മുഴുവൻ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാൻ ഷാഹിദ കമാലിനോട് ലോകായുക്ത
സമുദായ ഐക്യമാണ് മുസ്ലിംലീഗിൻ്റെ മുഖമുദ്രയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് തകർക്കാൻ ആരും ശ്രമിക്കരുത്. അതിനെതിരെയുള്ള മുന്നറിയിപ്പാണ് കോഴിക്കോട്ടെ ജനസാഗരം. ന്യൂനപക്ഷ അവകാശങ്ങളിൽ തൊട്ടുകളിച്ചാൽ സർക്കാരിൻ്റെ കൈപൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫിൽ പി.എസ്.സി നിയമനം വന്നാൽ ദൈവവിരോധികളുടെ കേന്ദ്രമായി അത് മാറുമെന്ന് പി.എം.എ സലാം ആരോപിച്ചു. മറ്റ് മതങ്ങളിൽപെട്ടവരെ വഖഫ് ബോർഡിൽ നിയമിക്കില്ലെന്ന സർക്കാർ നിലപാട് പി.എസ്.സി എങ്ങനെ നടപ്പാക്കുമെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ആയുധമാണ് വഖഫ് വിഷയം.
ജനങ്ങളെ ബോധവൽക്കരിക്കാൻ പള്ളികളിലൂടെ ആഹ്വാനം നടത്തിയത് മുസ്ലിം സംഘടനകളാണ്. ഇതിനെ കലാപമാക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്. സിപിഎമ്മാണ് മതഭ്രാന്തായി ഇതിനെ ചിത്രീകരിച്ചത്. ഒരുമിച്ച് നിൽക്കുന്ന മുസ്ലിം സംഘടനകൾക്കിടയിലെ ഐക്യം തകർക്കുകയാണ് സിപിഎം ലക്ഷ്യമെന്നും സലാം കൂട്ടിച്ചേർത്തു.
പതിനായിരക്കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തത്. സമസ്ത വിട്ടുനിന്ന സമയത്തും കൂടുതൽ പ്രവർത്തകരെ കോഴിക്കോട്ടെത്തിക്കാൻ മുസ്ലിംലീഗിന് കഴിഞ്ഞെന്ന് നേതാക്കൾ അവകാശപ്പെട്ടു. റാലി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.കെ മുനീർ അധ്യക്ഷനായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.