കോഴിക്കോട്: കാഴ്‌ചപരിമിതന്‍റെ ബാഗും മൊബൈല്‍ ഫോണും കവര്‍ന്നു. കാസര്‍കോട് സ്വദേശിയും കൊണ്ടോട്ടിയിലെ താമസക്കാരനുമായ അബ്‌ദുല്‍ അസീസാണ് തട്ടിപ്പിനിരയായത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിന് സമീപമാണ് സംഭവം.
വര്‍ഷങ്ങളായി കോഴിക്കോടും പരിസരത്തും അത്തര്‍ കച്ചവടം നടത്തുന്നയാളാണ് അബ്‌ദുല്‍ അസീസ്. നിസ്ക്കരിക്കുന്നതിനായി പള്ളിയില്‍ പോവാന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സഹായിക്കാനെന്ന വ്യാജേനയാണ് മോഷ്ടാവെത്തിയത്. തുടര്‍ന്ന് റോഡ് മുറിച്ച് കടന്ന ശേഷം പള്ളിയ്ക്ക് സമീപമെത്തിയപ്പോള്‍ ബാഗും ഫോണുമടക്കം വാങ്ങി നിസ്ക്കരിക്കുന്നതിനായി അസീസിനെ പള്ളിയിലേക്ക് പറഞ്ഞയച്ചു.
നിസ്ക്കാര ശേഷം തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ കടന്നുകളഞ്ഞിരുന്നു. അപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം അസീസിന് മനസിലായത്. തുടര്‍ന്ന് നാട്ടുക്കാരുടെ സഹായത്തോടെ പൊലിസിനെ സമീപിച്ചു.
ബാഗില്‍ 5000 രൂപയിലെറെ വില വരുന്ന അത്തറിനൊപ്പം 20,000 രൂപയുമുണ്ടായിരുന്നെന്ന് അസീസ് പരാതിയില്‍ പറഞ്ഞു. അസീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കമുള്ളവ കേന്ദ്രീകരിച്ച് കോഴിക്കോട് ടൗണ്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
also read: വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ