കോഴിക്കോട്: വിഷ്ണുമംഗലം ബണ്ടിമന്‍റെ ഷട്ടർ താത്തുന്നതിനെതിരെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ബണ്ടിന്‍റെ ഷട്ടർ താത്താനെത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. ഒരാഴ്‌ചക്കിടെ മൂന്നാം തവണയാണ് പ്രതിഷേധവുമായി നാട്ടുകാരും പുഴ സംരക്ഷണ സമിതിയും രംഗത്തെത്തിയത്. മയ്യഴി പുഴയിലെ വിഷ്ണുമംഗലം ബണ്ടിന് താഴ് ഭാഗത്തും മുകൾ ഭാഗത്തും അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പുഴയുടെ ഒഴുക്ക് സുഗമമാക്കുക, ബണ്ടിലെ ചെളിനീക്കം ചെയ്യുക, ബണ്ടിന് മധ്യഭാഗത്ത് ഷട്ടർ ഘടിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് ഷട്ടറിന് മുകളിലും താഴെയും പ്രതിഷേധക്കാർ നിലയുറപ്പിക്കുകയായിരുന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വിവി മുഹമ്മദലി ,കോടി കണ്ടി മൊയ്‌തു ,അഹമ്മദ് കുറവയിൽ, കെ വി അൻവർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതോടെ നാദാപുരം സി ഐ എൻ കെ സത്യനാഥിന്‍റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ചൊവ്വാഴ്‌ച ആർഡിഒയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാതെ പിരിയുകയായിരുന്നു.