ഐസിയുവിലെ പീഡനം; 'തനിക്ക് നീതി ലഭിച്ചില്ല', മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി അതിജീവിത - kerala
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ രോഗി പീഡനത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ഓഗസ്റ്റ് 16ന് അതിജീവിത തലസ്ഥാനത്തെത്തും. ആരോഗ്യ മന്ത്രിക്കും പരാതി നല്‍കും.
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനൊരുങ്ങുന്നു. കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് എത്തുന്ന യുവതി മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രിക്കും പരാതി നല്‍കും.
ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഐസിയുവിലെത്തിച്ചതിന് പിന്നാലെ പീഡനത്തിനിരയായ കേസില്‍ തനിക്ക് നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന് യുവതി ഇടിവി ഭാരതിനോട് പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഗൈനക്കോളി വിഭാഗത്തിലെ ഡോക്‌ടര്‍ക്കെതിരെയാണ് പ്രധാനമായും അതിജീവിത പരാതി ഉന്നയിക്കുന്നത്.
ഡോക്‌ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യ വകുപ്പിലെ ഉന്നതര്‍ സ്വീകരിക്കുന്നതെന്നും യുവതി ആരോപിക്കുന്നു. കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇ.വി ഗോപിയുടെ നടപടിക്കെതിരെയും ഇര നടപടി ആവശ്യപ്പെടുന്നുണ്ട്. പ്രതിയെ രക്ഷിക്കുന്നവരെ തിരിച്ചെടുത്തത് മൂലം ചികിത്സ തേടി പോലും മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അതിജീവിത പറഞ്ഞു.
ഇതുകൂടാതെ തനിക്ക് അനുകൂലമായി മൊഴി നല്‍കിയവരെ ബുദ്ധിമുട്ടിക്കാനും ശ്രമം നടക്കുന്നുണ്ട്. അനാവശ്യമായി ഇവരെ നിരന്തരം വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കുകയാണ്. ഇത്തരത്തില്‍ കേസിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് എല്ലാ കോണുകളിലും നിന്നും നടക്കുന്നത്. ഇക്കാര്യത്തില്‍ നീതിയാവശ്യപ്പെട്ടാണ് അതിജീവിത മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുന്നത്. പൊലീസ് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്നും അതിജീവിത വ്യക്തമാക്കി.
മെഡിക്കല്‍ കോളജിലെ പീഡനം: ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ശസ്ത്രക്രിയയ്ക്ക് ശേഷം സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചത്. അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്നതിനാല്‍ യുവതിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മയക്കം വിട്ട ശേഷം യുവതി വീട്ടുകാരോട് ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രന്‍ അറസ്റ്റിലായത്. സംഭവത്തിന് ശേഷം സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം വിനോദ യാത്ര പോയ ഇയാള്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതിയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയെ മൊഴി മാറ്റി പറയിപ്പിക്കുവാനും പരാതി പിന്‍വലിപ്പിക്കാനും ആശുപത്രിയിലെ ഒരു സംഘം ജീവനക്കാര്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്.
ആശുപത്രിയിലെ വനിത ജീവനക്കാരാണ് മൊഴി മാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. നഴ്‌സിങ് അസിസ്റ്റന്‍റ് പ്രസീത മനോളി, ഗ്രേഡ് ഒന്ന് ആശുപത്രി അറ്റന്‍ഡന്‍റായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് ആശുപത്രി അറ്റന്‍ഡന്‍റര്‍മാരായ ഷൈമ, ഷലൂജ, ദിവസ വേതന ജീവനക്കാരിയായ ദീപ എന്നിവരടങ്ങിയ സംഘമാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. നഷ്‌ടപരിഹാരം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കണം എന്നും മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി കളവാണെന്നും പറയണമെന്നുമായിരുന്നു സംഘം പറഞ്ഞത്.
പലതവണ ഇവര്‍ എത്തി ഭീഷണിപ്പെടുത്തിയതായും യുവതി പരാതി നല്‍കി. സംഭവത്തില്‍ അതിജീവിതയുടെ ആരോപണം ഉയര്‍ന്നതോടെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തു. ദിവസ വേതന ജീവനക്കാരിയായ ദീപയെ പിരിച്ചുവിടുകയും ചെയ്‌തു. എന്നാല്‍ വകുപ്പുതല അന്വേഷണത്തിനൊടുവില്‍ ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ഇവര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ് നീതിയാവശ്യപ്പെട്ട് പോരാട്ടം ശക്തമാക്കാന്‍ ഇരയായ യുവതി തീരുമാനിച്ചിരിക്കുന്നത്.