കോഴിക്കോട് : കെ. സുധാകരൻ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ചടങ്ങിലെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചടങ്ങില്‍ കുറച്ചുകൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
ആളുകളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ കേസെടുക്കണം. കേസെടുക്കുന്നതിന് താൻ എതിരല്ല. എന്നാൽ നടപടിയെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ബിജെപിക്കാരനാക്കി സിപിഎം ആക്രമിച്ചപ്പോൾ കോൺഗ്രസിൽ നിന്നാരും പ്രതികരിക്കാനുണ്ടായില്ലെന്ന രമേശ് ചെന്നിത്തലയുടെ പരമാർശത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ചെന്നിത്തലയുടെ പ്രതികരണം സാധാരണ കാര്യമാണ്. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലുമുണ്ടാവണമെന്നില്ല. അതിന്‍റെ കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
കെ. സുധാകരൻ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ കൊവിഡ് മാനദമണ്ഡ ലംഘനമുണ്ടായെന്ന് കാണിച്ച് ബുധനാഴ്‌ച പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. സ്ഥാനാരോഹണ ചടങ്ങില്‍ അമിത ആള്‍ക്കൂട്ടമുണ്ടായെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമുയര്‍ന്നിരുന്നു.
READ MORE: കെ. സുധാകരന്‍റെ സ്ഥാനാരോഹണം, പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് പൊലീസ്; 100 പേര്‍ക്കെതിരെ കേസ്