കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയില്‍. സതീഷ് നാരായണൻ (37) എന്നയാളാണ് പിടിയിലായത്. വർഷങ്ങളായി വടകരയിലും പരിസരങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളാണ് സതീഷ്.
താലൂക്ക് ഓഫിസ് പരിസരത്ത് നേരത്തെയും ഇയാള്‍ തീയിടാന്‍ ശ്രമിച്ചിരുന്നെന്നാണ് വിവരം. വടകര താലൂക്ക് ഓഫിസിന് സമീപമെത്തി കടലാസുകൾ കൂട്ടിയിട്ട് തീയിട്ട ശേഷം ആളിപ്പടരുന്നതുകണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വടകര പൊലീസ് ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്. അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്.
നടപടികള്‍ തുടങ്ങി പ്രത്യേക അന്വേഷണ സംഘം
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ഹരിദാസന്‍റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. അഞ്ച് ദിവസം മുമ്പ് വടകര പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ഒരു കെട്ടിടത്തില്‍ കയറുന്ന ഇയാളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയിക്കുന്നു.
നേരത്തെ, ചെറിയ തോതില്‍ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. ശേഷം ചുമരിൽ തെലുങ്കിലുള്ള എഴുത്തും പ്രത്യക്ഷപ്പെട്ടിരുന്നു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം നടപടികള്‍ തുടങ്ങി. 11 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ALSO READ: തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
ജില്ല കലക്‌ടറുടെയും എ.ഡി.എമ്മിന്‍റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോർട്ട് സർക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന് നിഗമനത്തിയിരുന്നു. അതേസമയം തിങ്കളാഴ്ച മുതല്‍ താത്കാലിക കെട്ടിടത്തില്‍ താലൂക്ക് ഓഫിസ് പ്രവർത്തനം ആരംഭിച്ചു.