കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ഗ്യാസ് ശ്‌മശാനം നാടിന് സ്വന്തം. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പാലോറ കാരക്കാട്ട് കുന്നിലെ 2.6 ഏക്കര്‍ സ്ഥലത്താണ് ‘പ്രശാന്തി ഗാർഡൻ’ എന്ന പേരില്‍ ശ്‌മശാനം നിര്‍മിച്ചിരിക്കുന്നത്. പ്രകൃതിയുടെ തനതു ഘടന മാറ്റാതെ ഭൂമിക്കടിയിലാണ് ഇത് നിർമിച്ചത്.
പ്രകൃതി സൗഹൃദം: ശ്‌മശാനങ്ങളെ കുറിച്ചുള്ള സങ്കല്‍പങ്ങളെ പൂര്‍ണമായും മാറ്റി മറിക്കുന്നതാണ് ഉള്ളിയേരിയില്‍ നിര്‍മിച്ചിരിക്കുന്ന 'പ്രശാന്തി ഗാര്‍ഡന്‍'. മല തുരന്ന് ഉണ്ടാക്കിയ പ്രകൃതി സൗഹൃദ മാതൃക ശ്‌മശാനം കാഴ്‌ചയിലും ഏറെ വ്യത്യസ്‌തമാണ്. മലയിലെ മരങ്ങളും ഭൂപ്രകൃതിയും അതേപടി നിലനിർത്തിയാണ് ഇത് നിർമിച്ചത്.
പൂര്‍ണമായും ഗ്യാസ് ഉപയോഗിച്ച് ഒരേ സമയത്ത് രണ്ട് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. മൃതദേഹം സംസ്‌കരിക്കുമ്പോൾ ഉണ്ടാകുന്ന പുക ശുദ്ധീകരിച്ചാണ് മലയ്ക്ക് മുകളിലെ 30 മീറ്റർ ഉയരമുള്ള കുഴലിലൂടെ പുറത്തു വിടുക. കുളിക്കുന്നതിനും കർമങ്ങൾ ചെയ്യുന്നതിനും ഭസ്‌മം ശേഖരിക്കുന്നതിനും നിമജ്ജനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്നതിനും പ്രത്യേക സൗകര്യമുണ്ടാകും.
സ്‌മൃതി വനങ്ങൾ, പൊതുദർശനത്തിന് വയ്ക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, ഇടവഴികൾ, വായന മുറികൾ, വിശ്രമ ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. സാധാരണ ശ്‌മശാനങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്‌തമാക്കുന്നത് ചുറ്റുപാടുള്ള പച്ചപ്പ് നിറഞ്ഞ കാഴ്‌ചകളാണ്.
ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. കൊയിലാണ്ടി എടവണ്ണ ഉള്ളിയേരിക്കടുത്ത് സംസ്ഥാന പാതയിൽ പാലോറ സ്റ്റോപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ സഞ്ചരിച്ചാൽ ശ്‌മശാനത്തില്‍ എത്താം.
കോടികള്‍ മുടക്കി: മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 4.25 കോടി രൂപയും കെ.എം സച്ചിൻദേവ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും പഞ്ചായത്തിന്‍റെ 27 ലക്ഷത്തിലേറെ രൂപയും ചെലവഴിച്ചാണ് ശ്‌മശാനത്തിന്‍റെ നിര്‍മാണം പൂർത്തീകരിച്ചത്. ആർക്കിടെക്‌ട് വിനോദ് സിറിയക്കാണ് ഭൂഗർഭ ഗ്യാസ് ശ്‌മശാനം രൂപകൽപന ചെയ്‌തത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി നിർമാണവും നിർവഹിച്ചു. പഞ്ചായത്തിനു കീഴിൽ രൂപീകരിക്കുന്ന സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. ഇന്ന് (ജൂലൈ 24) ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മന്ത്രി എംബി രാജേഷ് ശ്‌മശാനം നാടിന് സമര്‍പ്പിച്ചത്. കെഎം സച്ചിൻ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടി മുഖ്യാതിഥിയായിരുന്നു.
also read: Gas Crematorium | ചേമഞ്ചേരിയിലെ വിശ്രാന്തിക്ക് അകാല ചരമം ; എംഎല്‍എ ഓർക്കുന്നുണ്ടോ ഈ പേരും സ്ഥലവും