കോഴിക്കോട്: പ്രളയസമയത്ത് തണൽമരങ്ങൾ കടപുഴകി വീണ മാവൂർ- കോഴിക്കോട് റോഡിൽ പാറമ്മൽ- ചെറൂപ്പ ഭാഗത്ത് വാഹനയാത്ര ദുഷ്‌കരം. കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ് റോഡരികിലെ 12 ഓളം കൂറ്റൻ മരങ്ങൾ കടപുഴകി വീണത്. ഇത്തവണ കനത്ത മഴയിൽ ഏഴോളം മരങ്ങളും കടപുഴകി വീണിരുന്നു. തണ്ണീർത്തടത്തിന് നടുവിലൂടെ കെട്ടി ഉയർത്തിയ റോഡിൽ മരങ്ങൾ കടപുഴകുമ്പാൾ റോഡ് തകരുന്നത് പതിവാണ്. കഴിഞ്ഞ വർഷം തകർന്ന ഭാഗത്ത് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ മഴ ശക്തമായപ്പോൾ റോഡ് വീണ്ടും തകർന്നു.
തകർന്ന റോഡില്‍ രാത്രി സമയങ്ങളിലെ വാഹനത്തിരക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. മാവൂരിലും ചെറൂപ്പയിലും ചരക്കുലോറികൾ കടന്നുപോകുന്നത് തടയാൻ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടി തറനിരപ്പില്‍ നിന്ന് ഉയർത്തി അപകടസാധ്യത ഇല്ലാതാക്കണമെന്ന ആവശ്യം ശക്തമാണ്. അതോടൊപ്പം റോഡില്‍ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.