കോഴിക്കോട്: ചരിത്ര നിമിഷങ്ങള്‍ സൃഷ്‌ടിച്ച, ഏറെ ശ്രദ്ധ നേടിയ വ്യക്തികളായിരുന്നു സഹദ്-സിയ ട്രാന്‍സ് ദമ്പതികള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ ഒരു കുഞ്ഞിന് നല്‍കി എന്ന വാര്‍ത്തയായിരുന്നു കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ചർച്ചയായത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ ആദ്യ സംഭവം കൂടിയായിരുന്നു ഇത്.
ഇരുവര്‍ക്കും കുഞ്ഞ് ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞിരിക്കുന്നുവെന്ന വാര്‍ത്തയാണ് നിലവില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. അന്താരാഷ്‌ട്ര വനിത ദിനത്തില്‍ കുഞ്ഞിനെ സബിയ സഹദ് എന്നാണ് സഹദ്- സിയ ദമ്പതികള്‍ പേര് ചൊല്ലി വിളിച്ചത്. കോഴിക്കോട് വച്ചായിരുന്നു കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങ് നടന്നത്.
അവള്‍ പ്രകാശം പരത്തുന്നവളാകണം: ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ളവരും അടുത്ത സുഹൃത്തക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. തങ്ങളുടെ മകള്‍ സമൂഹത്തില്‍ പ്രകാശം പരത്തുന്നവളാകണം എന്ന ഉദ്ദേശത്തോടു കൂടിയാണ് കുഞ്ഞിന് സബിയ എന്ന പേര് നല്‍കിയതെന്ന് ദമ്പതികള്‍ പറഞ്ഞു. നേരത്തെ ദമ്പതികള്‍ കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍, പേര് നല്‍കിയ ശേഷം കുട്ടിയക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായതായി ഇരുവരും പറഞ്ഞു.
'ഞങ്ങളുടെ കുഞ്ഞിന്‍റെ ജനനം എല്ലാവരെയും അറിയിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്‍റെ ആഗ്രഹം സഫലമായതില്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. ഈ ചടങ്ങും ഞാന്‍ സ്വപ്‌നം കണ്ട പോലെ നടന്നു'-സിയ പ്രതികരിച്ചു.
കഴിഞ്ഞ മാസമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് സഹദ് കുഞ്ഞിന് ജന്മം നല്‍കിയത്. ആറ് മാസത്തിന് ശേഷം കുട്ടിയെയും കൊണ്ട് യാത്ര പോകാനാണ് ഇരുവരുടെയും തീരുമാനം. അടുത്ത ആറ് മാസം ഞങ്ങള്‍ക്ക് വിശ്രമിക്കുവാനുള്ളതാണെന്ന് സഹദ് പ്രതികരിച്ചു.
കുഞ്ഞെന്ന സ്വപ്‌നം സാക്ഷാത്കരിച്ചു: കഴിഞ്ഞ മൂന്ന് വര്‍ഷമായി സഹദും സിയയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഇരുവരും ഉമ്മത്തൂര്‍ സ്വദേശികളാണ്. തങ്ങളുടെ ജീവിതം മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ നിന്ന് വ്യത്യസ്‌തമാകണമെന്ന് ഇരുവരും ആഗ്രഹിച്ചതോടെയാണ് ഒരു കുട്ടി വേണമെന്ന് ഇരുവരും ചിന്തിച്ച് തുടങ്ങിയത്.
പരിവര്‍ത്ത പ്രക്രിയയുടെ ഭാഗമായി ഇരുവരും ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയമായിരുന്നു. ട്രാന്‍സ് വ്യക്തകളാണെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്‍റെ വഴിയിലാണ്. സഹദ്, ഹോര്‍മോണ്‍ തെറാപ്പിയും ബ്രസ്‌റ്റ് റിമൂവല്‍ പ്രക്രിയയും ചെയ്‌തു.
സ്വപ്‌നം സഫലമായ സന്തോഷത്തില്‍ ദമ്പതികള്‍: ഗര്‍ഭപാത്രം നീക്കുവാനുള്ള ശസ്‌ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴായിരുന്നു ഇരുവര്‍ക്കും ഒരു കുഞ്ഞെന്ന ആഗ്രഹമുണ്ടായത്. എന്നാല്‍, സിയ സ്‌ത്രീയാകുവാനുള്ള ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായിരുന്നില്ല. കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ മില്‍ക്ക് ബാങ്ക് വഴിയാണ് സംവിധാനമൊരുക്കിയത്.
ക്ലാസിക്കല്‍ നൃത്താധ്യാപികയായിരുന്നു സിയ. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്‍റായിരുന്നു സഹദ്. ഗര്‍ഭധാരണത്തിന്‍റെ സമയത്ത് സഹദ് ജോലിക്ക് പോകുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് കുട്ടികളെ ഡാന്‍സ് പഠിപ്പിച്ച് കിട്ടുന്ന വരുമാനത്തിലായിരുന്നു ഇരുവരുടെയും ജീവിതം മുന്നോട്ട് പോയിരുന്നത്.
ആദ്യത്തെ മൂന്ന് മാസം സഹദിന് നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. ഛര്‍ദി കൊണ്ട് ക്ഷീണിച്ച് തളര്‍ന്നുവെന്നും പിന്നീട് മാറ്റം വന്നുവെന്നും ഇരുവരും പ്രതികരിച്ചു.