കോഴിക്കോട്: കൊയിലാണ്ടി ഫയർ സ്റ്റേഷൻ പരിധിയിലുള്ള പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് അഗ്നിരക്ഷ ഉപകരണങ്ങളും അത് ഉപയോഗിക്കാൻ അറിയുന്നവരോ ഇല്ലെന്ന് അഗ്നിരക്ഷ വിഭാഗത്തിന്‍റെ പരിശോധനയിൽ കണ്ടെത്തി. ഇതോടെ സ്റ്റേഷൻ പരിധിയിലുള്ള 12 പെട്രോൾ പമ്പുകളിലെയും ജീവനക്കാരെ വിളിച്ചുവരുത്തി ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകി. തീപിടിത്തം ഉണ്ടായാൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ അതാത് സ്ഥലത്ത് തന്നെ നിർബന്ധമായും സൂക്ഷിക്കണമെന്ന് തൊഴിലാളികൾക്ക് നിർദേശം നൽകി.
ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം മിക്കവർക്കും അഗ്നിബാധ ഉണ്ടായാൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനവും നൽകി. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. കൊയിലാണ്ടി തഹസിൽദാർ സിപി മണി പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌തു.
60 ഓളം പേരാണ് ആദ്യഘട്ട പരിശീലന പരിപാടിയിൽ പങ്കാളികളായത്. പ്രധാനമായും തീപിടിത്തങ്ങളെ നാലായി തിരിച്ചാണ് പരിശീലനം നൽകിയത്. ചപ്പുചവറുകളിൽ നിന്ന് ഉണ്ടാകുന്ന തീ, പെട്രോളിയം ഉൽപന്നങ്ങൾ, പെയിൻ്റ്, ഓയിൽ തുടങ്ങിയവയിൽ നിന്ന് പടരുന്ന തീ, എൽപിജി സിഎൻജി തുടങ്ങിയവയിൽ ഉണ്ടാകുന്ന തീ, ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടാകുന്ന അഗ്നിബാധ എന്നീ നാല് തരം തീപിടിത്തങ്ങളെയും എങ്ങനെ പ്രാഥമിക ഘട്ടത്തിൽ ശമിപ്പിക്കാൻ കഴിയും എന്നതിനെക്കുറിച്ചാണ് പ്രധാനമായും ബോധവൽക്കരണം നടത്തിയത്.
അടുത്ത ഘട്ടത്തിൽ കൂടുതൽ പേർക്ക് പരിശീലനം നൽകുമെന്നും എസ്‌എച്ച്‌ഒ പറഞ്ഞു.