കോഴിക്കോട്: പാടത്തെ ചേറിനെ വകഞ്ഞു മാറ്റി കുതിച്ചു പായുകയാണ് കറുത്ത മൊകായയും മൈലനും മട്ടയും. ഒപ്പം മുന്നേറാൻ കുതിക്കുന്ന കാളക്കൂറ്റൻമാർക്കു വേണ്ടിയുള്ള കാണികളുടെ ആർപ്പുവിളികളും. അരനൂറ്റാണ്ടായി തുടർന്നു വരുന്ന പെരുമണ്ണയിലെ കാളപൂട്ടു മത്സരമാണ് കാണികളിൽ ആവേശത്തിരയിളക്കമുണ്ടായിരിക്കുന്നത്.
സ്ഥിരം വേദിയായ മുല്ലമണ്ണ കാളപൂട്ട് നിലത്തു തന്നെയാണ് ഇപ്രാവശ്യവും കാളപൂട്ട് അരങ്ങേറിയത്. നിയന്ത്രണങ്ങൾക്കിടയിലും പോയ കാല കാർഷിക പെരുമയെ അടുത്തറിയാൻ ആബാലവൃദ്ധജനങ്ങളും അവിടേക്കൊഴുകിയെത്തി. കഴിഞ്ഞു പോയ കാലത്തേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയായിരുന്നു പലർക്കും ഈ കാളപൂട്ട് മത്സരം. കോഴിക്കോടിനു പുറമെ അയൽ ജില്ലകളിൽ നിന്നു പോലും അഴകൊത്ത കാളകൾ മത്സരത്തിൽ മാറ്റുരയ്‌ക്കാനെത്തി.
64 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. രാവിലെ എട്ടു മണിക്കു തന്നെ മത്സരം ആരംഭിച്ചിരുന്നു. മലപ്പുറം ഒതുക്കുങ്ങൽ കുരുണിയൻ മോൻ ബ്രദേഴ്‌സിന്‍റെ കറുത്ത മൊകായ കാളകളാണ് ഒന്നാമതെത്തിയപ്പോൾ മലപ്പുറം കാവന്നൂർ ചിറ്റങ്ങാടൻ കുട്ടിമോൻ ടീമിന്‍റെ മൈലൻ കാളകൾക്ക് രണ്ടാം സ്ഥാനത്തും തിരൂർ കൈമലശ്ശേരി റഹീം ടീമിന്‍റെ മട്ട കാളകൾക്ക് മൂന്നാം സ്ഥാനത്തുമെത്തി. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യാ ഗഫൂർ,പാലക്കാട് ജില്ലാ നീളപൂട്ട് കമ്മറ്റി ചെയർമാൻവിപിൻ യാക്കര, സംസ്ഥാന കാളപൂട്ട് കമ്മറ്റി സെക്രട്ടറി നാസർ കൊളക്കാടൻ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.