കോഴിക്കോട്: സാധാരണക്കാര്‍ക്ക് സംഗീതോപകരണങ്ങള്‍ അടുത്തറിയാൻ കഴിയാതിരുന്ന കാലത്ത് അതുകൊണ്ട് അമ്മാനമാടിയ ഒരു കലാകാരൻ. ഗിറ്റാറും കീബോർഡും മൗത്ത് ഓർഗണും ചേർത്ത് പ്രകമ്പനം കൊള്ളിച്ച 'ത്രീ ഇൻ വൺ ചന്ദ്രൻ' അഥവാ ഹിപ്പി ചന്ദ്രൻ. സ്റ്റാൻഡിലുറപ്പിച്ച മൗത്ത് ഓർഗൺ,വലത്തേ കാൽ കൊണ്ട് പെഡലുകളിൽ ചവിട്ടി കീബോർഡ്, കൈകളിൽ ഗിറ്റാറും. മൂന്ന് ഉപകരണങ്ങൾ ഒരേ സമയം വായിച്ച് ഒറ്റയ്‌ക്കൊരു സിംഫണി നടത്തി ചന്ദ്രന്‍ ആസ്വാദകരെ ത്രസിപ്പിക്കും.
അലസമായി പാറിപ്പറക്കുന്ന നീണ്ട മുടിയൊതുക്കി, നരച്ച ജീൻസുമിട്ട് തോളിലൊരു ഗിറ്റാറും തൂക്കി മിഠായിത്തെരുവിലൂടെയും അശോകപുരത്തുകൂടിയും ഒരുകാലത്ത് നടന്നു നീങ്ങിയ ഹിപ്പി ചന്ദ്രൻ്റെ ജീവിതം സംഭവബഹുലമാണ്. എരഞ്ഞിപ്പാലം വടക്കേകച്ചേരി വയൽ സി കെ ചന്ദ്രനെന്ന കൗമാരക്കാരൻ്റെ മനസ് സംഗീതത്തില്‍ കുരുങ്ങിയിരുന്നു. അത് തേടിയുള്ള യാത്രയിൽ മുടി നീണ്ടു. ഹിപ്പികളുടെ കാലത്ത് ബെൽബോട്ടൻ പാൻ്റ്സിട്ട ചന്ദ്രൻ ഹിപ്പി ചന്ദ്രനായി.
മുതലക്കുളത്ത് ചന്ദ്രന്‍റെ സഹോദരന് റേഡിയോ നന്നാക്കുന്ന കടയുണ്ട്. ഗ്രാമഫോണും റെക്കോർഡ് പ്ലെയറുകളുമൊക്കെ നന്നാക്കിക്കൊടുക്കുന്ന കാലം. അവിടെയാണ് ചന്ദ്രൻ്റേയും താവളം. ഹാർമോണിയ പെട്ടിയിൽ കൈവിരൽ ഓടിച്ച് കളിക്കുന്ന ചന്ദ്രന് അവിടെ നിന്ന് ഒരു പിടിവള്ളി കിട്ടി.
ഗിറ്റാറിന്‍റെ ബാലപാഠങ്ങൾ പഠിപ്പിച്ചത് സായിപ്പ് : ഒരു ദിവസം ഡാനി മോങ് എന്ന സായിപ്പ് കടയിൽ വന്നു, ഗിറ്റാറിസ്റ്റാണ്. ചന്ദ്രൻ സായിപ്പിനെ പരിചയപ്പെട്ടു. അടുത്ത ദിവസം ഗിറ്റാർ പഠിക്കാൻ അങ്ങോട്ടുവരാൻ സായിപ്പ് പറഞ്ഞു. ചന്ദ്രൻ അങ്ങനെ ഗിറ്റാറിന്‍റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി. സായിപ്പ് തിരുവണ്ണൂർ കോട്ടൺമില്ലിലാണ് ജോലി ചെയ്‌തിരുന്നത്.
പകൽ ചന്ദ്രൻ സൈക്കിളുമെടുത്ത് സായിപ്പിനടുത്ത് പോവും. ഗിറ്റാർ പ്രാക്‌ടീസ് ചെയ്യും. അങ്ങനെ അഞ്ചാറ് ക്ലാസുകള്‍ കഴിയുമ്പോഴേക്കും ചന്ദ്രൻ സ്വയം ഗിറ്റാർ പഠനം തുടങ്ങി. ഊണും ഉറക്കവുമില്ലാതെ 24 മണിക്കൂറും പരിശീലനം.
പാട്ടരങ്ങുകളിലെ ലീഡ് ഗിറ്റാറിസ്റ്റിലേക്ക്: അത്യാവശ്യം ഗിറ്റാർ വായിക്കാനായതോടെ മഹാറാണി ഹോട്ടലിലെ മാനേജരുടെ മുന്നിൽ അവസരം തേടി ചന്ദ്രനെത്തി. ആ സന്ധ്യക്ക് ഹോട്ടലിലെ സംഗീത ബാൻഡിന്‍റെ പരിപാടിയുടെ ഇടവേളയിൽ ഒരു പാട്ടുവായിക്കാൻ ചന്ദ്രനോട് മാനേജർ ആവശ്യപ്പെട്ടു. ഇംഗ്ലീഷ് പാട്ടുകൾക്കിടയിൽ കദളി ചെങ്കദളി പൊൻകദളിപ്പൂവേണോ എന്ന പാട്ട് ഗിറ്റാറിൽ വായിച്ചതോടെ കേൾവിക്കാർ ചന്ദ്രനെ ശ്രദ്ധിച്ചു. പിന്നാലെ സീ ക്വീൻസിലെ പാട്ടരങ്ങുകളിലെ ലീഡ് ഗിറ്റാറിസ്റ്റായി മാറി. അന്ധനായ ഗിറ്റാറിസ്റ്റ് യാഡ്‌ലിക്കൊപ്പം ഗിറ്റാർ വായിച്ച് നഗരത്തിൽ ഹിപ്പി ചന്ദ്രൻ താരമായി മാറിത്തുടങ്ങി.
അക്കാലത്ത് നഗരത്തിലെ ബാർ ഹോട്ടലുകളിൽ കാബറേ നൃത്തം സജീവമായിരുന്നു. പിൽക്കാലത്ത് ജനകീയ പ്രതിഷേധങ്ങൾ ഉയർന്ന് കാബറേ നൃത്തം നിരോധിക്കുന്നതുവരെ ചന്ദ്രൻ വായിച്ചുകൊണ്ടേയിരുന്നു. അക്കാലത്തെ പ്രശസ്‌തമായ അമർ സർക്കസിലും ചന്ദ്രൻ ഗിറ്റാറിസ്റ്റായിരുന്നു.
സർക്കസ് തമ്പിലെ സംഗീത ജീവിതം : രാജസ്ഥാനിലും ഗുജറാത്തിലും മുംബൈ പോലുള്ള മഹാനഗരങ്ങളിലും കറങ്ങി. സർക്കസ് തമ്പിലെ ജീവിതകാലത്താണ് ഹിപ്പി ചന്ദ്രൻ ഒരേ സമയം പല സംഗീതോപകരണങ്ങൾ വായിക്കുകയെന്ന കല സ്വന്തമാക്കിയത്. ഒരു ദിവസം റോഡിലൂടെ നടക്കുമ്പോഴാണ് തെരുവോരത്ത് നിന്ന് ആറര രൂപയ്ക്ക് മൗത്ത് ഓർഗൺ വാങ്ങിക്കുന്നത്. മൗത്ത് ഓർഗൺ ശരീരത്തോട് ഘടിപ്പിച്ച് വായയ്ക്കുനേരെ ക്രമീകരിക്കാവുന്ന രീതിയിൽ ഒരു ഉപകരണം ഹിന്ദിക്കാരനായ പണിക്കാരന്‍റെ സഹായത്തോടെ നിർമിച്ചു. ഒന്നുരണ്ടുവട്ടം വായിച്ചുനോക്കിയപ്പോൾ സംഗതി ക്ലിക്കായി. അങ്ങനെ വർഷങ്ങളോളം കടന്നുപോയി.
നാട്ടിൽ തിരിച്ചെത്തിയതോടെ സംഗീത ട്രൂപ്പുകൾക്കൊപ്പം പരിപാടികൾക്ക് പോയിത്തുടങ്ങി. അക്കാലത്ത് എം എസ് ബാബുരാജും സി എം വാടിയിലും അടക്കമുള്ളവർക്കൊപ്പം വേദി പങ്കിട്ട ചരിത്രവും ചന്ദ്രനുണ്ട്. ഗിറ്റാർ പരിശീലനത്തിൽ തന്‍റേതായ ഒരു ലോകം ചന്ദ്രൻ സൃഷ്‌ടിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ ബി സോൺ, ഇന്‍റർസോൺ മത്സരങ്ങളിൽ പലതവണ വിജയികളായത് ചന്ദ്രൻ പരിശീലിപ്പിച്ച കുട്ടികളാണ്.
ക്രിസ്ത്യൻ കോളജിനും മെഡിക്കൽ കോളജിനും ദേവഗിരി കോളജിനുമൊക്കെ പതിവായി ഗിറ്റാർ പരിശീലിപ്പിക്കാനും ഡ്രംസ് നിർമിച്ചുനൽകാനുമൊക്കെ ചന്ദ്രൻ എത്താറുണ്ടായിരുന്നു. റഹ്‌മാനിയ സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളെ ഗിറ്റാർ പഠിപ്പിച്ചത് എക്കാലത്തേയും മികച്ച ഓർമയായി ചന്ദ്രൻ സൂക്ഷിക്കുന്നു.
സരോജിനിയാണ് ഭാര്യ. നിതിനും ഷിജിനുമാണ് ചന്ദ്രന്‍റെ മക്കൾ. സംഗീതജ്ഞനായ മകൻ ഷിജിനൊപ്പം പല വേദികളിലും ചന്ദ്രൻ എത്താറുണ്ട്. നടക്കാവിലെ മകന്‍റെ സംഗീത വിദ്യാലയത്തിൽ ചന്ദ്രൻ ഗിറ്റാർ പരിശീലനവുമായി ഇപ്പോഴും തിരക്കിലാണ്. ഒപ്പം തൻ്റെ ത്രീ ഇൻ വൺ പ്രകടനവും.