കോഴിക്കോട്: പ്രമുഖ വ്യവസായികൾ, വൻകിട കോൺട്രാക്റ്റർ, പ്രമുഖ രാഷ്‌ട്രീയ നേതാവ് എന്നിവര്‍ക്ക് മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്തയച്ച രണ്ട് പേരെ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ(46), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43) എന്നിവരാണ് അറസ്റ്റിലായത്.
മാവോയിസ്റ്റ് സംഘടനയുടെ പേരിൽ പണം ആവശ്യപ്പെട്ടുള്ള ഭീഷണി കത്തുകൾ ലഭിച്ചതായി മെഡിക്കൽ കോളജ്, ടൗൺ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായി മൂന്ന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ ടി.പി ശ്രീജിത്തും ആന്‍റി നക്സൽ സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.
also read:പെഗാസസ് ഗൂഢാലോചന: രാജ്യത്തിന്‍റെ വികസനത്തെ തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. കത്ത് പോസ്റ്റ് ചെയ്യാൻ ഇവർ സഞ്ചരിച്ച ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിര്‍മാണ മേഖലയിലുണ്ടായ കടുത്ത സമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പണത്തിനായി മാവോയിസ്റ്റ് സംഘടനകളുടെ പേരിൽ വ്യാജ ഭീഷണി കത്തുകൾ അയച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയാണ് ഹബീബ് റഹ്മാനെന്ന് പൊലീസ് അറിയിച്ചു.
ഗൂഗിളിന്‍റെ സഹായത്തോടെ മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസിലാക്കിയ ഇയാള്‍ സ്വന്തം കൈപ്പടയിലാണ് കത്തുകള്‍ തയ്യാറാക്കിയത്. സഹായത്തിനായി ബന്ധു കൂടിയായ ഷാജഹാനെ കൂട്ടുപിടിക്കുകയുമായിരുന്നുവെന്നും കത്തുകൾ പോസ്റ്റ് ചെയ്തത് ഇയാളാണെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രമുഖനുമായിരുന്നു ഇവര്‍ അയച്ചത്. നാല് പേരിൽ നിന്നുമായി 11 കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.