കോഴിക്കോട്: ജപ്‌തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്‌മഹത്യ ചെയ്‌തു. കൊയിലാണ്ടി കാരയാട് സ്വദേശി കെകെ വേലായുധനാണ് (64) ജീവനൊടുക്കിയത്. കൊയിലാണ്ടി കാർഷിക വികസന ബാങ്കിൽ നിന്ന് വേലായുധൻ ഒന്‍പത് ലക്ഷം രൂപ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും ജപ്‌തി നോട്ടിസ് വന്നതാണ് ആത്‌മഹത്യയിലേക്ക് നയിച്ചത്.
ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് ജപ്‌തിവിവരം അറിയിച്ചതിന് ശേഷമാണ് വേലായുധൻ സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ജപ്‌തി നോട്ടിസ് കിട്ടിയത്. ഇന്നലെ (നവംബര്‍ 21) ആറരയോടെയാണ് വേലായുധൻ ജീവനൊടുക്കിയത്. സ്വാഭാവിക നടപടിയുടെ ഭാഗമായാണ് നോട്ടിസ് അയച്ചതെന്നാണ് ബാങ്കിൻ്റെ വിശദീകരണം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ശ്രദ്ധിക്കൂ... ആത്‌മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഇത്തരം ചിന്തകള്‍ ഒഴിവാക്കാന്‍ വിളിക്കൂ: 9152987821