കോഴിക്കോട്: മഹാമാരിയുടെ ഇടവേള കഴിഞ്ഞപ്പോൾ ഉത്സവപ്പറമ്പുകൾ ജനനിബിഡമാണ്. കാവായ കാവുകളിലെല്ലാം കെട്ടിയാട്ടങ്ങൾ ഉറഞ്ഞാടുകയാണ്. വെള്ള വീശലും വെള്ള കെട്ടും തെയ്യവും തിറയും അതിൽ തന്നെ നിരവധി അനവധിയായ രൂപങ്ങളും.
സമ്പന്നമാണ് ഈ വർഷത്തെ ഉത്സവ കാലം. കെട്ടിയാട്ടങ്ങൾ നടത്തുന്നവർ നിരവധിയാണ് നമ്മുടെ നാട്ടിൽ. അതിൽ തന്നെ ഓരോ ദേവി ദേവന്മാർക്ക് ഓരോ വിഭാഗക്കാരാണ് ഉറഞ്ഞാടുക.
പാരമ്പര്യ കലാരൂപങ്ങള്‍ അനുഷ്‌ഠിച്ച് പുതിയ തലമുറ: പാരമ്പര്യത്തിന്‍റെ കൈ ചങ്ങലയിലൂടെയാണ് കെട്ടിയാട്ടങ്ങൾ വളരുന്നത്. ഇളയ തലമുറക്കാരായ ഓരോരുത്തരും മുതിർന്നവരുടെ കൊട്ടും കളിയും എല്ലാം നോക്കി മനസിലാക്കും. വിരലിൽ എണ്ണാവുന്ന ചിലരെങ്കിലും അത് ശാസ്‌ത്രീയമായും അഭ്യസിക്കുന്നുണ്ട്.
എത്ര അഭ്യസിച്ചാലും കാവുകളിൽ നേരിട്ടെത്തി പങ്കെടുക്കുന്നതിൽ ആണ് അറിവ് കൂടുക. അതിന്‍റെ തുടക്കം എല്ലാം നോക്കി നിൽക്കലാണ്. അത് കഴിഞ്ഞാൽ ഇലത്താളത്തിലേക്ക് കൈ വെക്കും.
അതും കുഞ്ഞ് ഇലത്താളെ എടുത്താണ് രംഗത്തിറങ്ങുക. അവിടെ എല്ലാം നോക്കി മനസിലാക്കണം. ചെണ്ടയിലെ പെരുക്കലും കെട്ടിയാട്ടക്കാരന്‍റെ ഭാവവും ആട്ടവും കർമങ്ങളും എല്ലാം.
ഇലത്താളത്തിൽ താളം ഉറയ്ക്കുമ്പോൾ മെല്ലെ ചെണ്ടയുടെ വലം തലയിലേക്ക് പ്രവേശിക്കും. കെട്ടിയാടാൻ താല്‍പര്യമുള്ളവർ ആട്ടക്കാരനൊപ്പം ചേർന്ന് കളി കളിക്കും. വലിയ ജനനിബിഢമായ ഉത്സവങ്ങൾ നടക്കുന്നിടത്ത് ഇളയ തലമുറക്കാർക്ക് പഠനം അത്ര സൗകര്യപ്പെടില്ല.
കലയുടെ ഭാവി പുതുതലമുറയില്‍: എന്നാൽ, വീടിനോട് ചേർന്ന് മണ്ഡപങ്ങളിലും ചെറിയ കാവുകളിലും എല്ലാം അനുഷ്‌ഠാനമായി നടക്കുന്ന ഉത്സവങ്ങളിലാണ് തുടക്കക്കാർ അഭ്യസിച്ചു തുടങ്ങുക. അങ്ങനെ പേരുകേട്ട കെട്ടിയാട്ടക്കാരും ചെണ്ടക്കാരും എല്ലാം പിൻവാങ്ങുമ്പോൾ അതിനേക്കാൾ മികവുറ്റ പിൻതലമുറ ഓരോ വർഷവും ചുവടുവെച്ച് കൊണ്ടേയിരിക്കുകയാണ്. വടക്കേ മലബാറിവന്‍റെ അനുഷ്‌ഠാന കലയായ തെയ്യത്തിനും തിറയ്ക്കും വലിയ സ്വീകാര്യത ലഭിച്ചുവരുന്ന ഈ കാലത്ത് പുതിയ തലമുറക്കാരിലാണ് അതിന്‍റെ ഭാവി.
ഒരു നാടിന്‍റെ കഥയും ഐതിഹങ്ങളും വെളിപ്പെടുന്നത് ആ നാടിന്‍റെ തന്നെ അനുഷ്‌ഠാന കലാരൂപങ്ങളിലൂടെയാണ്. അത്തരത്തിലൊന്നാണ് വടക്കേ മലബാറിലെ തെയ്യം ആഘോഷങ്ങള്‍. കളിയാട്ടം എന്ന പേരില്‍ ഗ്രാമക്ഷേത്രങ്ങളിലും കാവുകളിലും അരങ്ങേറുന്ന വാര്‍ഷിക ഉത്സവങ്ങളായ തെയ്യം ആ നാടിന്‍റെ ചരിത്രവും സംസ്‌കാരവും ഒരുമയുമാണ് വിളിച്ചറിയിക്കുന്നത്.
ഇത്തരം ആഘോഷങ്ങള്‍ക്ക് മറ്റ് കലാരൂപങ്ങളെക്കാളും വീര്യവും ഊര്‍ജവും അധികമാണ്. കാരണം, വീരാരാധനയും പൂര്‍വപിതാക്കന്‍മാരുടെ ആത്മാക്കള്‍ക്ക് ദൈവിക പരിവേഷവും നല്‍കുന്ന ഗോത്ര വര്‍ഗ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നതാണ് ഇത്തരം കലാരൂപങ്ങള്‍. രൗദ്ര, രോഷ പ്രകടനങ്ങളിലൂടെ ഭക്തരില്‍ ഭീതി ഉണര്‍ത്തി വണക്കം വാങ്ങുന്ന താമസ രൂപങ്ങളാണ് മിക്ക തെയ്യക്കോലങ്ങളും.
രക്തചാമുണ്ഡി, കരിച്ചാമുണ്ഡി, മുച്ചിലോട്ടു ഭഗവതി, വയനാടു കുലവന്‍, ഗുളികന്‍, പൊട്ടന്‍ തുടങ്ങിയവയാണ് പ്രധാനമായി കാണുന്ന തെയ്യകോലങ്ങള്‍. ഓരോ കലാകാരനും കളിയാട്ട ദിവസം അത്ഭുത ശക്തിയുള്ള ദൈവിക രൂപങ്ങളായി മാറുന്നു എന്നതാണ് വിശ്വാസം. തീവ്ര പരിശീലനം, വ്രതം, എന്നിവയ്‌ക്ക് ശേഷമാണ് തെയ്യകോലമണിയാന്‍ കലാകാരന്‍മാര്‍ എത്തുക.