കോഴിക്കോട്: കൊവിഡ് കാലം ഇങ്ങനെയൊക്കെയാണ്. പ്രകൃതി പതിവിലും മനോഹരിയായി. മൺസൂൺ എത്തിയതോടെ പൂക്കളും ഫലങ്ങളുമൊക്കെയായി വീടും കൃഷിയിടങ്ങളും സമ്പുഷ്‌ടമായി. സ്‌കൂൾ മുറ്റങ്ങളില്‍ നിറയുന്ന ഫലങ്ങൾ കുട്ടികൾക്കുള്ളതാണ്. എന്നാല്‍ കൊവിഡ് കാലത്ത് സ്‌കൂളുകൾ അടച്ചതോടെ സ്‌കൂൾ മുറ്റത്ത് നിറയുന്ന രുചി തേടി കുട്ടികളും വരുന്നില്ല. കോഴിക്കോട് ബിഇഎം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ മുറ്റത്ത് ഞെട്ടറ്റ് വീഴുന്ന നെല്ലിക്ക സങ്കടക്കാഴ്‌ചയാണ്.
സ്‌കൂൾ ദിവസങ്ങളിലെ മധുരവും പുളിപ്പും നിറഞ്ഞ നെല്ലിക്കയുടെ രുചി കുട്ടികൾ മറന്നു തുടങ്ങി. കിളികളും കുരുവികളും മാത്രമാണ് ഇപ്പോൾ നെല്ലിക്ക തേടിയെത്താറുള്ളത്. വർഷങ്ങൾക്ക് മുമ്പ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരം ഒരു വരം ക്യാമ്പയിന്‍റെ ഭാഗമായാണ് നെല്ലി മരം നട്ടത്. കാലത്തിന്‍റെ യാത്രയില്‍ നെല്ലിമരവും വളർന്നു. ഫലങ്ങൾ വന്നു. കൊവിഡ് കാലം കഴിഞ്ഞ് കുട്ടികൾ എത്തുന്നതും കാത്തിരിക്കുകയാണ് കോഴിക്കോട് നഗരമധ്യത്തിലെ ബിഇഎം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ മുറ്റത്തെ ഈ നെല്ലിമരം.