കോഴിക്കോട് : ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിൽ ഒന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ആറാം പതിപ്പിന് നാളെ (ജനുവരി 12) തുടക്കമാകും. കോഴിക്കോട് ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്യും. 12 മുതൽ 15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുക.
നൊബേൽ സമ്മാന ജേതാക്കൾ, ബുക്കർ സമ്മാനം നേടിയ എഴുത്തുകാർ, സാഹിത്യ പ്രതിഭകൾ, നയതന്ത്രജ്‌ഞർ, ചലച്ചിത്ര നാടക രംഗത്തെ പ്രമുഖർ, അവതാരകർ, കലാകാരന്‍മാര്‍, മുതിർന്ന രാഷ്‌ട്രീയ നേതാക്കൾ, ചരിത്രകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കുചേരും. 12 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രഭാഷകർ പങ്കെടുക്കും.
പങ്കെടുക്കുന്ന പ്രമുഖർ : തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, ബുക്കർ പ്രൈസ് ജേതാക്കളായ ഷെഹൻ കരുണതിലക, അരുന്ധതി റോയ്, അന്താരാഷ്‌ട്ര ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്‌ജലി ശ്രീ, നൊബേൽ സമ്മാന ജേതാക്കളായ അദാ യോനാഥ്, അഭിജിത് ബാനർജി, അമേരിക്കൻ ഇൻഡോളജിസ്റ്റ് വെൻഡി ഡോണിഗർ, പ്രമുഖ ചലച്ചിത്രതാരം കമല്‍ഹാസൻ, ആഡ് ഗുരു പീയൂഷ് പാണ്ഡെ, സാഹിത്യകാരന്മാരായ ജെഫ്രി ആർച്ചർ, ഫ്രാൻസെസ് മിറാലെസ്, ശോഭ ഡേ, തുഷാർ ഗാന്ധി, എം.ടി വാസുദേവൻ നായർ, എം.മുകുന്ദൻ, കെ.ആർ. മീര, ടി.പത്മനാഭൻ, ജെറി പിന്‍റോ, ശശി തരൂർ, അഞ്ചൽ മൽഹോത്ര, ബെന്യാമിൻ, സുധ മൂർത്തി, ജാപ്പനീസ് എഴുത്തുകാരൻ യോക്കോ ഒഗാവ്, കവി കെ. സച്ചിദാനന്ദൻ, പത്രപ്രവർത്തകരായ പി.സായ്‌നാഥ്, സാഗരിക ഘോഷ്, ബർഖ ദത്ത്, ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹ, വില്യം ഡാരിംപിൾ ഹരാരി, മനു എസ്. പിള്ള, റോക്‌സ്‌റ്റാർ റെമോ ഫെർണാണ്ടസ്, പോപ്പ് ഗായിക ഉഷ ഉതുപ്പ്, നടൻ പ്രകാശ് രാജ്, കപിൽ സിബൽ, ഗൗർ ഗോപാൽ ദാസ്, വ്യവസായി ക്രിസ് ഗോപാലകൃഷ്‌ണൻ, സാമ്പത്തിക വിദഗ്‌ധൻ സജീവ് സന്യാൽ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രമുഖരിൽ ഉൾപ്പെടും.
ശാസ്‌ത്രം സാങ്കേതികവിദ്യ, കല, സിനിമ രാഷ്‌ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, സംരഭകരംഗം, ആരോഗ്യം, കല, വ്യവസ്ഥ, സംസ്‌കാരം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകൾ നടക്കും. മേളയിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കാളികളാവും. തുർക്കി, സ്‌പെയിൻ, യുഎസ്, ബ്രിട്ടൻ, ഇസ്രയേൽ, മിഡിൽ ഈസ്റ്റ്, തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ഷണിതാക്കളെക്കൊണ്ട് ധന്യമായിരിക്കും ഫെസ്റ്റ്.
കലാപരിപാടികൾ : കലാകാരന്മാർ, അഭിനേതാക്കൾ, സെലിബ്രിറ്റികൾ, എഴുത്തുകാർ, ചിന്തകർ, എന്നിവർ അർഥവത്തായ ചർച്ചകളിൽ ഏർപ്പെടും. ലോകപ്രശസ്‌ത കലാകാരന്മാരുമായി രാത്രികളിൽ ഫയർസൈഡ് ചാറ്റുകൾ, സംഗീത കച്ചേരികൾ, പ്രോഗ്രസീവ് റോക്ക് ബാൻഡുകളുടെ പ്രകടനം, കഥകളി, ലാറിസ്, ക്ലാസിക്കൽ,ഫ്ലെമെൻകോ നൃത്തങ്ങൾ തുടങ്ങി പപ്പറ്റ് ഷോകൾ വരെ ഫെസ്റ്റിവലിന്‍റെ ഭാഗമായുണ്ടാകും.