കോഴിക്കോട്: പട്ടികജാതിക്കാരുടെ പരാതികള്‍ പൊലീസ് അട്ടിമറിക്കുന്നതായി പരാതി. കോഴിക്കോട് നിരവധി കേസുകൾ പൊലീസ് ദുർബലമാക്കിയെന്നാണ് ആരോപണം. കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ പൊലീസ് ശരിയായ അന്വേഷണം നടത്താതെ പ്രതികളെ സഹായിച്ചുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.
ആറ് മാസം മുമ്പ് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത എം. ബി.ബി.എസ് സീറ്റ് തട്ടിപ്പ് കേസിലെ പ്രതികളെ ഇതുവരെ പൊലീസ് കണ്ടെത്തിയില്ല. എരഞ്ഞിപ്പാലം കന്തൻകരുണ നിവാസിൽ ഒ.എം. കൃഷ്ണൻകുട്ടിയിൽ നിന്നാണ് വ്യാജ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയത്. തുടർന്ന് പ്രതികൾ കൃഷ്ണൻകുട്ടിയേയും ഭാര്യയേയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് നടന്ന മറ്റു രണ്ട് കേസുകളിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
കണ്ണാടിക്കൽ നമ്പിടി മണ്ണിൽ ബികില നിവാസിൽ വൃദ്ധ ദമ്പതികളായ ബാലൻ -ദേവകി എന്നിവരെ അയൽവാസി മർദിച്ച കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. സമാനമായ മറ്റൊരു കേസിൽ പ്രതിക്ക് മേൽ നിസാര വകുപ്പ് ചുമത്തി ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസ് കൂട്ടുനിന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. പൊതുമധ്യത്തിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് മർദിച്ചതായി നെട്ടൂർവയലിൽ രാധ നിവാസിൽ സുരേഷ് പരാതി നൽകിയിരുന്നു. കോഴിക്കോട് സൗത്ത് അസിസ്റ്റൻ്റ് കമ്മീഷണർക്കാണ് പരാതി നൽകിയതെന്നും എന്നാൽ ഈ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പാണ് പൊലീസ് ചേർത്തതെന്ന് സുരേഷ് പറഞ്ഞു.
പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് ചട്ടം എന്നിരിക്കെ എന്നാൽ ഈ മൂന്ന് കേസുകളിലും പരാതിക്കാരോട് കാര്യങ്ങൾ അന്വേഷിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ എത്തിയിരുന്നിലെന്നും പരാതിക്കാർ പറയുന്നു.