കോഴിക്കോട്: പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമൊരുക്കി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയും ബീച്ച് ആശുപത്രിയും. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടർ നൽകുന്നതിനു പകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക് ഒരേ സമയം പൈപ്പ്‌ലൈൻ വഴി ഓക്‌സിജൻ നൽകുന്നതാണ് പദ്ധതി. പ്ലാന്‍റുകളിൽ നിന്നെത്തിക്കുന്ന ഓക്‌സിജൻ പ്രത്യേക ടാങ്കിൽ ശേഖരിച്ചാണ് പൈപ്പ് ലൈൻ വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയാറാക്കിയ ഓക്സിജൻ ഔട്ട്ലറ്റുകളിലെത്തിക്കുന്നത്.
സിലിണ്ടറുകളിലെ ഓക്‌സിജനും പൈപ്പ് ലൈൻവഴി വിതരണം ചെയ്യാം. ബീച്ച് ആശുപത്രിയിൽ മെഡിക്കൽ, സർജിക്കൽ ഐസിയുകളിൽ 22 വീതം കിടക്കകൾ ഇത്തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ ഈ ഐസിയുകളിലെ മുഴുവൻ കിടക്കകളും കൊവിഡ് രോഗികൾക്കായി ഉപയോഗിക്കുകയാണ്. ഇവ കൂടാതെ ഒമ്പതു കിടക്കകളുള്ള കാർഡിയാക് ഐസിയു, 18 കിടക്കകളുള്ള കാർഡിയാക് വാർഡ്, രണ്ട് തിയറ്ററുകൾ എന്നിവയും കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
120 കിടക്കകളിൽ കൂടി പൈപ്പ്‌ലൈൻ വഴിയുള്ള ഓക്‌സിജൻ സംവിധാനം സജ്ജീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകൾക്കാണ് ഓക്‌സിജൻ പോയിന്‍റുകളുള്ളത്. 200 എണ്ണം പുതുതായി തയാറാക്കാനുള്ള പ്രവർത്തനങ്ങളും നടന്ന് വരികയാണ്.