കോഴിക്കോട് : അവശ നിലയിൽ വീട്ടുവളപ്പിൽ കണ്ട മയിലിനെ വനം വകുപ്പ് ഏറ്റെടുത്തു. വളയം എളമ്പയിൽ ബാലകൃഷ്ണന്‍റെ വീട്ടു വളപ്പിലാണ് മയിലിനെ കണ്ടത്. വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ വീടിനരികിലായി മയിലിനെ കണ്ടനിനെ തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉച്ചയോടെ കുറ്റ്യാടി വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രജീഷ്, എ. സന്തോഷ്, ജെ.കെ റിനീഷ് എന്നിവർ സ്ഥലത്തെത്തി മയിലിനെ പരിശോധിച്ച ശേഷം വളയം വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോയി.
വളയം വെറ്റിനറി സർജൻ ഡോ. ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ല. തുടർന്ന് വാക്‌സിൻ നൽകിയ ശേഷം മയിലിനെ വനം വകുപ്പിന് കൈമാറി.