കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിൽ എട്ട് ഏക്കറിൽ കൃഷി ഇറക്കി താമരശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഇൻഫാം അഗ്രിഫാം കർഷക കൂട്ടായ്‌മ. കാർഷിക മേഖലയിൽ പുതിയ അധ്യായം രചിക്കുകയാണ് ഇൻഫാം അഗ്രിഫാം കർഷക കൂട്ടായ്‌മയുടെ ലക്ഷ്യം.
ഒരു വർഷം മുൻപാണ് തെയ്യപ്പാറയിലെ എട്ട് ഏക്കർ സ്ഥലത്ത് തീർത്തും വ്യത്യസ്‌തമായ രീതിയിൽ ഇവർ കൃഷി ആരംഭിക്കുന്നത്. വിവിധതരം ഹൈബ്രിഡ് പ്ലാവുകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇടവിളയായി ചേമ്പുകളും കൃഷി ചെയ്യുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ ചേമ്പുകൾ വിളവെടുക്കാൻ സാധിക്കുമെന്നാണ് കർഷക കൂട്ടായ്‌മയുടെ പ്രതീക്ഷ.
കഴിഞ്ഞവർഷം 3000ഓളം ചേനകൾ നട്ടുപിടിപ്പിച്ച് വിളയിച്ചെടുത്തിരുന്നു. പൂർണമായും ജൈവ കാർഷിക രീതിയിലാണ് ഇവർ അവലംബിക്കുന്നത്. കോഴിക്കോട് വേങ്ങേരിയിലെ മാർക്കറ്റിലാണ് കൃഷിചെയ്യുന്ന വിളകൾ വിറ്റഴിക്കുന്നത്. താമരശ്ശേരി രൂപതയിലെ ഫാദർ ജോസ് പണ്ണാപറമ്പിൽ ആണ് കർഷക കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത്.
കൃഷിയോടൊപ്പം കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട്. അന്യമായ കാർഷിക സമൃദ്ധിയെ തിരിച്ചു പിടിക്കാനും അതുവഴി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഇൻഫാം അഗ്രിഫാം കർഷക കൂട്ടായ്‌മയുടെ ലക്ഷ്യം.