കോഴിക്കോട് : താമരശേരി ചുരത്തിൽ കെഎസ്‌ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ലക്കിടിക്കും ഒൻപതാം വളവിനും ഇടയിൽ ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്.
ALSO READ: സ്വർണക്കടത്ത് സംഘം സമാന്തര ടെലഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്
യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം ബസിന്‍റെ ചില്ലും മുൻഭാഗവും തകർന്നു. അപകടം നടന്നതിന്‍റെ വശത്ത് അഗാധമായ കൊക്കയായതിനാൽ തന്നെ ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോവാൻ കഴിയാത്ത സ്ഥിതിയാണ്.
ഇരുവശത്തുമായി ഏറെ ദൂരത്തിൽ വാഹനങ്ങൾ ഗതാഗത തടസം നേരിട്ടു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്‌ത് ഗതാഗതം പുനസ്ഥാപിച്ചു.