കോഴിക്കോട്: ബി ജെ പി ജാതി സെന്‍സസിനെ ഭയക്കുന്നെന്ന് ആര്‍ ജെ ഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് (Tejashwi Yadav Says BJP is Afraid Of Caste Census). ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും ബി ജെ പിയെയും ഫാസിസ്റ്റ് ശക്തികളെയും ഒരുമിച്ച് നേരിടുമെന്നും ഇന്ത്യ മുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. കേരളത്തിൽ എൽ ഡി എഫിനൊപ്പമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന എല്‍ ജെ ഡി- ആര്‍ ജെ ഡി ലയന സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
വീണ്ടും കേരളത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട്. ഒരേ മനസ്സുള്ള പാര്‍ട്ടികളുമായി ചേരാന്‍ ആലോചിച്ചിരുന്നു. എല്‍ ജെ ഡി താല്‍പര്യമറിയിച്ചപ്പോള്‍ ഏറെ സന്തോഷമായി. ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. എല്ലാവരും ഒത്തൊരുമിക്കേണ്ട സമയമാണിത്. ഒരുമിച്ച് ബി ജെ പി-ഫാസിസ്റ്റ് ശക്തികളെ നേരിടും. ഇന്ത്യ മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കും. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുന്നതില്‍ സോഷ്യലിസ്റ്റ് സന്ദേശം പ്രചരിപ്പിക്കും. കേരളത്തില്‍ എല്‍ ഡി എഫിനൊപ്പമായിരിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ജനങ്ങളുടെ സാമൂഹ്യാവസ്ഥ മനസിലാക്കാന്‍ ജാതി സെന്‍സസ് സഹായിക്കും. പക്ഷേ, ഇന്ത്യയില്‍ സെന്‍സസ് തന്നെ നടക്കുന്നില്ല. ജാതി സെന്‍സസിനെ ബി ജെ പി ഭയക്കുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രചരണമല്ല. നേരത്തെ തന്നെ ഈ വിഷയം ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് മുമ്പ് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. സാമ്പത്തിക-വിദ്യാഭ്യാസ അവസ്ഥയും പരിശോധിക്കപ്പെടണമെന്നും തേജസ്വി പറഞ്ഞു.
എൽ ജെ ഡി-ആർ ജെ ഡി ലയന സമ്മേളനം: എൽ ജെ ഡി-ആർ ജെ ഡി ലയന സമ്മേളനം കോഴിക്കോട് നടന്നു. കോഴിക്കോട് സരോവരം പാർക്കിനു സമീപത്തെ കാലിക്കറ്റ് ട്രേഡ് സെന്‍ററിലെ എം കെ പ്രേംനാഥ് നഗറിൽ വെച്ച് നടന്ന പരിപാടിയിലാണ് ലയനം യാഥാർത്ഥ്യമായത്. എൽ ജെ ഡി സംസ്ഥാന പ്രസിഡന്‍റ് എം വി ശ്രേയാംസ് കുമാറിന് ആർ ജെ ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആർ ജെ ഡി പതാക കൈമാറിയതോടെയാണ് സംസ്ഥാനത്തെ ലയനം പൂർത്തിയായത്. തുടർന്ന് നടന്ന ലയന സമ്മേളനം തേജസ്വി യാദവ് ഉദ്ഘാടനം ചെയ്‌തു.
ചടങ്ങിൽ എം വി ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ചു. ആർ ജെ ഡിയുമായി ലയിക്കാനുള്ള തീരുമാനം ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും ഒരിക്കലും വർഗ്ഗീയതയോട് വിട്ടുവീഴ്ച്ച ചെയ്യാത്ത പാർട്ടിയാണ് ആർ ജെ ഡി എന്നും അധ്യക്ഷ പ്രസംഗത്തില്‍ എം വി ശ്രേയാംസ് കുമാർ പറഞ്ഞു.