കോഴിക്കോട്: കാരശ്ശേരിയിൽ ആരംഭിച്ച ടാർ മിക്‌സിംഗ് യൂണിറ്റിന്‍റെ പ്രവർത്തനം നിർത്തിവെക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ ഉത്തരവ്. ചുണ്ടത്തും പൊയിലിൽ നാഥ് കൺസ്ട്രക്ഷൻ കമ്പനിയുടെ ടാർ മിക്സിംഗ് യൂണിറ്റിനാണ് പ്രവർത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. ടാർ മിക്‌സിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനെ തുടക്കം മുതൽ തന്നെ നാട്ടുകാർ എതിർത്തിരുന്നു. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.
ടാർ മിക്‌സിംഗ് യൂണിറ്റിന്‍റെ പ്രവർത്തി തടഞ്ഞു കൊണ്ട് 2019ൽ കോഴിക്കോട് ആർ.ഡി.ഒ. സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. ഈ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുമ്പോഴാണ് യൂണിറ്റ് പ്രവർത്തനം തുടർന്നത്. ആരോഗ്യ വകുപ്പ്, ഫയർ ഫോഴ്‌സ്, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് എന്നിവയുടെ ലൈസൻസ് ഇല്ലാതെയാണ് ടാര്‍ മിക്‌സിങ് യൂണിറ്റ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ യൂണിറ്റ് സന്ദർശിച്ചത്.
സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ കഴിഞ്ഞ ദിവസം രാത്രി യൂണിറ്റ് പ്രവർത്തിച്ചതായി അധികൃതരോട് സമ്മതിച്ചു. ഉടമസ്ഥരാരും സ്ഥലത്തില്ലാത്തതിനാൽ അവരെ ഫോണിൽ ബന്ധപ്പെട്ടാണ് യൂണിറ്റ് ഇനി പ്രവർത്തിപ്പിക്കരുതെന്ന നിർദേശം നൽകിയത്. യൂണിറ്റ് ഇനിയും പ്രവർത്തിക്കുകയാണെങ്കിൽ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.