കോഴിക്കോട്: താനൂർ ബോട്ട് ദുരന്തത്തിന് കാരണമായ അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ പിടിയിൽ. കോഴിക്കോട് എലത്തൂർ ഭാഗത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. ഇവിടെ ഒളിവിൽ കഴിയവെ മലപ്പുറത്ത് നിന്നും എത്തിയ പോലീസ് സംഘമാണ് നാസറിനെ കസ്റ്റഡിയിൽ എടുത്തത്. താനൂർ സ്റ്റേഷനിൽ എത്തിച്ച ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായുളള തെരച്ചിലിനിടെ ഇന്ന് കൊച്ചിയില്‍ വച്ച് നാസറിന്‍റെ വാഹനം പാലാരിവട്ടം പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഈ സമയത്ത് ഇയാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. നാസറിന്‍റെ സഹോദരിയും സഹായിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
നാസറിന് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനായി അഭിഭാഷകരെ കാണാനായാണ് ഇവരെത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളത്തെ നടുക്കിയ താനൂര്‍ ദുരന്തത്തില്‍ 15 കുട്ടികള്‍, 5 സ്‌ത്രീകള്‍, രണ്ട് പുരുഷന്മാര്‍ ഉള്‍പ്പെടെ 22 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ബോട്ട് അപകടത്തില്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്.
പരിക്കേറ്റവരെ ഇന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. ദുരന്തത്തില്‍ 11 പേര്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി സെയ്‌തലവിയുടെ വീടും മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ചു. അതേസമയം താനൂര്‍ ബോട്ട് അപകടത്തില്‍ മുഖ്യമന്ത്രി ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിലുളളവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.