കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ താഹ ഫസലിനെ കസ്റ്റഡിയിൽ ആവിശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ ഇരുവരെയും നേരിട്ട് ഹാജരാക്കാൻ കോടതി ആവിശ്യപ്പെടുകയായിരുന്നു.
എന്നാൽ പനി മൂലം താഹ ഫസലിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലൻ ഷുഹൈബിനെ മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി താഹയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി വക്കുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് പത്താം ദിവസമാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ മാവോയിസ്റ്റ് ബന്ധങ്ങളുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.