കോഴിക്കോട് : പ്രശസ്‌ത സംവിധായകൻ ഫാസിലിൻ്റെ സിനിമകളുടെ നിർമാതാവായ സ്വർഗ്ഗചിത്ര അപ്പച്ചൻ ഫഹദ് ഫാസിലുമായും ഒന്നിക്കുന്നു. സിബിഐ 5 ൻ്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനുള്ള തിരക്കിലാണ് അപ്പച്ചൻ. സൗബിൻ ഷാഹിർ ആയിരിക്കും സിനിമ സംവിധാനം ചെയ്യുക.
നിലവിൽ ഏറ്റെടുത്ത പ്രൊജക്‌ടുകൾ പൂർത്തിയാക്കി ഫഹദ് ഫാസിൽ അപ്പച്ചനുമായി ഒന്നിക്കും. രചന ആര് നിർവഹിക്കണം എന്നതിൽ കൂടിയാലോചനകൾ തുടരുകയാണ്. ആരാധകര്‍ക്ക് എന്നും മികച്ച ത്രില്ലര്‍ ചിത്രങ്ങള്‍ സമ്മാനിക്കുന്ന സ്വര്‍ഗ്ഗചിത്ര അപ്പച്ചന് ന്യൂ ജനറേഷന്‍ സിനിമകളെ കുറിച്ച് വലിയ അഭിപ്രായമില്ലെന്നതും വാസ്‌തവം. അതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുക ഇത്തരത്തിലാണ്.
'ന്യൂ ജനറേഷൻ കഥകൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല. സിനിമ കാണാൻ വരുന്നവർക്ക് വീട്ടിൽ പോയി ഓർക്കാൻ എന്തെങ്കിലും നൽകാൻ കഴിയണം. രജ്ഞിത്തിൻ്റെ രചനയിൽ നല്ല ഫലം ലഭിച്ചിരുന്നു. കഥ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഇംപാക്‌ടിനേക്കാള്‍ മുകളിൽ വിജയം നേടാൻ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്‌ത 'ഉസ്‌താദ്' വൻ തിരിച്ചടിയാണ് സമ്മാനിച്ചത്.
കഥ കേട്ടപ്പോൾ ഉണ്ടായിരുന്ന ഇംപാക്‌ട് സ്ക്രീനിൽ വന്നപ്പോൾ അപ്പാടെ പാളിപ്പോയി. മോഹൻലാലിൻ്റെ അനിയത്തിയായി ആദ്യം മനസിൽ കണ്ടത് മഞ്ജുവാര്യരെയായിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അവർ പിന്മാറിയതോടെ ദിവ്യ ഉണ്ണിയെ സെലക്‌ട് ചെയ്‌തു'. ദിവ്യ ഉണ്ണി ചെയ്‌ത ഭാഗങ്ങൾ ഏറ്റില്ലെന്നും അത് പിഴച്ച് പോയതാണ് 'ഉസ്‌താദി'ൻ്റെ പരാജയമായെന്നും അപ്പച്ചൻ ഓർത്തു.
കാലിബറുള്ള ആർട്ടിസ്റ്റിൻ്റെ തലയിൽ എത്ര ഭാരം കൊടുത്താലും അവർ അതിനെ ഭംഗിയായി കൊണ്ടു പോകും. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും മുന്നിൽ ഡേറ്റും കാത്തിരിക്കുന്നത് അതുകൊണ്ടാണെന്നും അപ്പച്ചൻ പറഞ്ഞു.
ഫാസിൽ സംവിധാനം നിര്‍വഹിച്ച 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' കണ്ട് അതിൽ ആകൃഷ്‌ടനായി സിനിമ പിടിക്കാൻ മോഹം വന്നാണ് അപ്പച്ചൻ അന്ന് ഫാസിലിനെ കാണാൻ പോയത്. 'പൂവിന് പുതിയ പൂന്തെന്നൽ' എന്ന സിനിമയാണ് അവരുടെ ആദ്യ സിനിമ. അന്ന് മൂന്ന് മാസം മാത്രം പ്രായമുള്ള ഷാനു (ഫഹദ് ഫാസിൽ) ഇന്ന് ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ കാലിബറുള്ള നടനായെന്നും അപ്പച്ചൻ പറഞ്ഞു.
പാലക്കാരനായ പിണക്കാട്ട് ഡി എബ്രഹാമാണ് പിന്നീട് സ്വർഗ്ഗചിത്ര അപ്പച്ചനായത്. കോഴിക്കോടിൻ്റെ കിഴക്കൻ മലയോരത്തേക്ക് കുടിയേറി താമസിച്ച അപ്പച്ചൻ്റേത് കാർഷിക കുടുംബമായിരുന്നു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' കണ്ട് അതിൽ ആകൃഷ്‌ടനായി സിനിമ ചെയ്യാന്‍ മോഹം ജനിച്ചു.
ഒരു ദിവസം രാവിലെ ആലപ്പുഴക്കുള്ള കെഎസ്ആർടിസിയിൽ കയറി, നേരെ ഫാസിലിനെ കാണാൻ. പലകുറി കണ്ട് ഒടുവിൽ 'പൂവിന് പുതിയ പൂന്തെന്നൽ' പിറന്നു. പിന്നാലെ 'മണിവത്തൂരിലെ ആയിരം ശിവരാത്രി'കളും. പാച്ചിക്കയുടെ (ഫാസിൽ) ശിഷ്യന്മാരായ സിദ്ധിഖ്-ലാൽ റാംജിറാവ് സ്‌പീക്കിങ് സംവിധാനം ചെയ്‌തപ്പോൾ അതിലെ നിർമാതാക്കളിൽ ഒരാളായി.
മഹാവിജയത്തിന് പിന്നാലെ ഗോഡ് ഫാദർ, എൻ്റെ സൂര്യപുത്രിക്ക്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, അനിയത്തി പ്രാവ്, വേഷം തുടങ്ങി നിരവധി ചിത്രങ്ങള്‍ വന്‍ വിജയമായി. മറ്റ് ഭാഷകളില്‍ പുനര്‍നിര്‍മിക്കപ്പെട്ട മണിച്ചിത്രത്താഴ് 1993 ലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം കൂടിയായിരുന്നു.
പിന്നീട് തമിഴിലെ ആദ്യത്തെ മലയാളി പ്രൊഡ്യൂസറായി അദ്ദേഹത്തിന്‍റെ രംഗപ്രവേശം. വിജയ് സൂര്യ ജോഡികളെ സൂപ്പർ താര പദവിയിലേക്ക് എത്തിച്ച 'ഫ്രണ്ട്സ്' തമിഴിൽ സിദ്ദിഖ് സംവിധാനം ചെയ്‌തു. വിജയ് തിളങ്ങിയ അഴകിയ തമിഴ് മകൻ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ വിതരണാവകാശി കൂടിയാണ് സ്വര്‍ഗ്ഗചിത്ര അപ്പച്ചൻ.