കോഴിക്കോട്: കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നിയമ ലംഘനങ്ങൾ തടയുന്നതിനും സ്ഥാപിച്ച ടൗൺ സർവൈലൻസ് സിസ്റ്റം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 64 ലക്ഷം രൂപ ചെലവിലാണ് സിസ്റ്റം വിന്യസിച്ചത്.
കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂർ റോഡിൽ ആഭ്യന്തരവകുപ്പിന്‍റെ കൈവശത്തിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് നിർമാണം പൂർത്തീകരിച്ച മോഡൽ പൊലീസ് സ്റ്റേഷനിലാണ് സർവൈലൻസ് സിസ്റ്റത്തിന്‍റെ കൺട്രോൾ റൂം സ്ഥാപിച്ചിട്ടുള്ളത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും ട്രാഫിക് തടസ്സങ്ങൾ പരിഹരിക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥർക്ക് യഥാസമയം ഇടപെടാൻ പുതിയ സംവിധാനം സഹായകമാവും.
നാഷണൽ ഹൈവേയിൽ കാരന്തൂർ മുതൽ സിന്ധു തിയേറ്റർ വരെയും മുക്കം റോഡിൽ എം.എൽ.എ ഓഫീസ് പരിസരം വരെയും സർവൈലൻസ് പരിധിയിലാവും. പ്രധാന ഭാഗങ്ങളിൽ സൂം ചെയ്യുന്നതിന് ശേഷിയുള്ളതും എ.എൻ.പി.ആർ സംവിധാനത്തോടു കൂടിയതുമായ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത ഘട്ടത്തിലും ദൃശ്യങ്ങൾ കൃത്യതയോടെ പകർത്താൻ ശേഷിയുള്ള ഉപകരണങ്ങളാണ് വിന്യസിച്ചിട്ടുള്ളത്. വ്യാപാരികൾക്കും നാട്ടുകാർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും യാത്രക്കാർക്ക് സുഗമമായ സഞ്ചാരം സാധ്യമാക്കുന്നതിനും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.49 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ പൂർത്തീകരിച്ച കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ ഒരുക്കിയ സർവൈലൻസ് സിസ്റ്റം കൂടി സ്ഥാപിച്ചതോടെ കുന്ദമംഗലം പൊലീസ് സ്മാർട്ടായി മാറിയിരിക്കുകയാണ്.
സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഇ.എൻ സുരേഷ്, അസിസ്റ്റന്‍റ് കമ്മീഷണർ എൻ മുരളീധരൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി സി പ്രദീപ് കുമാർ, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് വി.പി പവിത്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ രജീഷ് എന്നിവര്‍ സംസാരിച്ചു. ട്രാഫിക് നോർത്ത് അസിസ്റ്റന്‍റ് കമ്മീഷണർ പി.കെ രാജു സ്വാഗതവും കുന്നമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ സുജിത് കുമാർ നന്ദിയും പറഞ്ഞു.