കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ മെയ് ഒൻപത് വരെ അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ് സാംബശിവ റാവു അറിയിച്ചു. നിയന്ത്രണങ്ങളുടെ ആദ്യ ദിനം തന്നെ നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് നിലയുറപ്പിച്ചിരുന്നു. വാഹനങ്ങൾ എല്ലാം തടഞ്ഞ് യാത്രക്കാരുടെ യാത്രയുടെ ഉദ്ദേശമറിഞ്ഞ ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്. അനാവശ്യമായി എത്തിയവരെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ അവിടങ്ങളിലേക്കുള്ള ജീവനക്കാരുടെയും മറ്റും തിരക്ക് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
കോഴിക്കോട്ടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ പാളയം മാർക്കറ്റിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ടായിരുന്നു. പ്രവേശന കവാടങ്ങൾ ബാരിക്കേഡ് വച്ച് അടച്ച് വളരെ അത്യാവശ്യക്കാരെ മാത്രമാണ് മാർക്കറ്റിനകത്തേക്ക് പ്രവേശിപ്പിച്ചത്. കൊവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങൾ തന്നെയാണ് ജില്ല ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട് റൂറൽ പരിധിയിൽ മെയ് ഒന്ന് മുതൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.