കോഴിക്കോട്: അൽത്താഫിന്‍റെ ബസിൽ യാത്രക്കാർ അകത്തും കൊവിഡ് പുറത്തുമാണ്. കൊവിഡിനെ പതപ്പിച്ചു പുറത്തു ചാടിക്കാനായി ബസിന്‍റെ പിറകിൽ ടാങ്കും അതിലൊരു ടാപ്പും പിടിപ്പിച്ചാണ് കെ കെ സൺസെന്ന സിറ്റി ബസ് നഗരവീഥികളിലൂടെ ചീറിപ്പായുന്നത്.
നഷ്ടങ്ങൾക്കിടയിലും കൊവിഡിനൊപ്പം മത്സരയോട്ടം നടത്താനായി ഒരു മാസം മുൻപാണ് മൂഴിക്കൽ സ്വദേശിയായ അൽത്താഫിന്‍റെ ഉടമസ്ഥതയിലുള്ള ബസിൽ കൈ കഴുകുന്നതിനായി പൈപ്പ് സ്ഥാപിച്ചത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൈകഴുകുന്നതിനായി കിയോസ്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് ആരും തിരിഞ്ഞ് നോക്കാനില്ലാതായതോടെ അവയെല്ലാം ഉപയോഗ ശൂന്യമാവുകയും എടുത്ത് മാറ്റുകയും ചെയ്തു. അതോടെ നഗരത്തിലെത്തുന്ന ആളുകൾക്ക് കൈ കഴുകാൻ സംവിധാനവും ഇല്ലാതായി. അത്തരമൊരു സന്ദർഭത്തിലാണ് ബസിൽ കയറുന്ന യാത്രക്കാർക്ക് കൈ കഴുകുന്നതിനായി പൈപ്പ് ഫിറ്റ് ചെയ്തതെന്ന് അൽത്താഫ് പറയുന്നു.
മൂഴിക്കൽ -എൽഐസി റൂട്ടിലോടുന്ന ബസായതിനാൽ മിഠായിത്തെരുവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് നിരവധി യാത്രക്കാരാണ് ബസിൽ കയറുന്നത്. ബസിൻ്റെ പിറകിലായുള്ള കോണിപ്പടികൾക്ക് മുകളിലാണ് പിവിസി പൈപ്പിൽ കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കളക്ഷൻ വളരെ കുറവാണെങ്കിലും കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അൽത്താഫ് പറയുന്നു.