കോഴിക്കോട് : പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടി ജീവിതം മാറ്റിവച്ച വ്യക്തിയാണ് താമരശ്ശേരിയിലെ ഡോക്‌ടർ പി കെ മുഹ്സിൻ. 1973 ൽ വെറ്ററിനറി സർജനായി സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം 2003 ഡിസംബർ 31 ന് മൃഗസംരക്ഷണ വകുപ്പിലെ അഡീഷണൽ ഡയറക്ടറേറ്റില്‍ നിന്നും രജിസ്ട്രാറായി വിരമിച്ചു. മിണ്ടാപ്രാണികളോട് മിണ്ടിയും പറഞ്ഞുമുള്ള തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഡോ. മുഹ്‌സിന്‍.
പേടിപ്പെടുത്തിയ സംഭവം : 1980 ൽ താമരശ്ശേരിയിൽ വെറ്ററിനറി സർജനായി ജോലി ചെയ്യുമ്പോഴാണ് മുഹ്‌സിന്‍ ഡോക്‌ടര്‍ക്ക് ഒരു പുലിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വന്നത്. പൂനൂർ എസ്റ്റേറ്റിൽ ഇറങ്ങി അക്രമാസക്തനായ പുലിയെ വെടിവച്ച് കൊന്നതായിരുന്നു. സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഔഷധ മൂല്യമുണ്ടെന്ന് പറഞ്ഞ് പുലിയുടെ ജഡത്തിൽ നിന്നും നെയ്യ് ശേഖരിക്കുന്ന കാഴ്‌ച.
അതിനിടെയാണ് പേ വിഷബാധയേറ്റ് ചത്ത പശുവിനെ പുലി തിന്നിട്ടുണ്ടെന്ന വിവരം അറിയുന്നത്. അപകടം മനസിലാക്കിയ ഡോക്‌ടർ പുലിയുടെ തലച്ചോർ പരിശോധനയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് അയച്ചു. പേ വിഷബാധ സ്ഥിരീകരിച്ചതോടെ 200 പേരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയത്. ഇന്നും ആ സംഭവത്തെ ഞെട്ടലോടെയാണ് അദ്ദേഹം ഓർക്കുന്നത്.
പേ വിഷബാധയും പ്രതിരോധ മരുന്നും : തെരുവ് നായ്ക്കളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്ന് കുത്തി വച്ചിട്ടും ആളുകൾ മരിക്കുന്ന സംഭവങ്ങൾ ലാഘവത്തോടെ കാണരുതെന്ന് ഡോക്‌ടര്‍ പറയുന്നു. ലക്ഷണങ്ങൾ കണ്ടതിന് ശേഷം ചികിത്സിച്ച് സുഖപ്പെടുത്താൻ പറ്റാത്ത രോഗമാണിത്. നായയുടെ കടിയേറ്റാൽ, മുറിവ് സോപ്പിട്ട് കഴുകുന്നത് മുതൽ അവസാനത്തെ ഡോസ് കുത്തിവയ്പ്പ് എടുക്കുന്നത് വരെ ഒരു കാലതാമസവും വരുത്താൻ പാടില്ല.
വാക്‌സിൻ സൂക്ഷിക്കുന്നതിലെ അപാകത, കുത്തിവയ്ക്കുന്ന മരുന്നിന്‍റെ ഡോസിലുണ്ടാവുന്ന കുറവ്, നിർമാണ സമയത്ത് തന്നെ വാക്‌സിനിൽ ഉണ്ടാകുന്ന തകരാര്‍ എന്നിവയെല്ലാം മരുന്ന് ഫലപ്രദമായി മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കാത്തതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗർഭിണിയായ പശുവിന്‍റെ ജീവൻ രക്ഷിച്ച സംഭവവും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഡോക്‌ടർ സർവീസിലെ ആദ്യത്തെ ആന കേസ് ബത്തേരി പൂമല എസ്റ്റേറ്റിൽ ആയിരുന്നു. കുത്തിവച്ച സ്ഥലം മാറിപ്പോയിട്ടും ആന പ്രതികരിക്കാതിരുന്നത് കൊണ്ട് താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അല്‍പം ഹാസ്യം കലര്‍ത്തിയാണ് അദ്ദേഹം പറഞ്ഞത്.
എങ്ങനെ മൃഗ ഡോക്‌ടറായി : മൃഗ സംരക്ഷണത്തെ കുറിച്ച് കൂടുതലൊന്നും അറിയാത്ത കാലത്ത് ജോലി സാധ്യത കണ്ടാണ് മൃഗ ഡോക്‌ടറാകാൻ തീരുമാനിച്ചത്. കണക്കിനോട് ഉള്ള താത്‌പര്യക്കുറവും ഈ മേഖല തെരഞ്ഞെടുക്കാന്‍ കാരണമായി. എന്നാൽ ജോലിയിൽ പ്രവേശിച്ചതോടെ കോഴി മുതൽ ആനവരെ മുഹ്സിന് വേണ്ടപ്പെട്ടവരായി.
എല്ലാം സൂക്ഷിക്കുന്ന സ്വഭാവക്കാരനായ അദ്ദേഹത്തിന്‍റെ പക്കല്‍ പഠന കാലത്തെ പുസ്‌തകങ്ങൾ മുതൽ ഏറ്റവും ഒടുവിൽ എഴുതിയ പുസ്‌തകം വരെയുണ്ട്. കൂടാതെ ഒട്ടകപ്പക്ഷിയുടെ മുട്ടയും തൂവലും, എമുവിന്‍റെ മുട്ടയും, അടക്കം കൗതുകം നിറഞ്ഞ നിരവധി സൂക്ഷിപ്പുകളുമുണ്ട്.
കലാരംഗത്തെ നേട്ടം : നിരവധി ലേഖനങ്ങൾ എഴുതിയും റേഡിയോ പ്രഭാഷണങ്ങൾ നടത്തിയും കലാരംഗത്തും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഡോ. മുഹ്‌സിന്‍. 1971 മുതൽ ഫാം ജേർണലിസ്റ്റായ ഡോ മുഹ്സിൻ തന്‍റെ എഴുത്തിന്‍റെ അൻപതാം വാർഷികത്തിൽ 'ഒരു വെറ്ററിനറി ഡോക്‌ടറുടെ ഡയറിക്കുറിപ്പുകൾ' എന്ന പുസ്‌തകമാണ് പുറത്തിറക്കിയിരിക്കുന്നത്. കർഷകഭാരതി, ഫാം ജേർണലിസം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്കും ഡോ. മുഹ്സിൻ അർഹനായി. നിലവില്‍ ഭാര്യക്കും മക്കൾക്കുമൊപ്പം വിശ്രമ ജീവിതം ആസ്വദിക്കുകയാണ് അദ്ദേഹം.