കോഴിക്കോട്: വർഷം 1498.. പോർച്ചുഗീസ് സഞ്ചാരിയായ വാസ്‌കോഡ-ഗാമ കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് കപ്പല്‍ ഇറങ്ങുന്നു. ഇന്ത്യയില്‍ വൈദേശികാധിപത്യത്തിന് വഴി തുറന്ന കാല്‍വെയ്പ്പാണ് അന്ന് വാസ്കോഡ- ഗാമ നടത്തിയത്. ചരിത്രമുറങ്ങുന്ന കാപ്പാട് ബീച്ചിന് ഇന്ന് പുതിയ മുഖമാണ്. ആരെയും ആകർഷിക്കുന്ന കടൽത്തീരവും പാറക്കെട്ടുകളുമാണ് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാപ്പാട് ബീച്ചിന്‍റെ പ്രത്യേകത. രാത്രിയില്‍ ഇഴജന്തുക്കളുടെ ശല്യമില്ലാതെ കടല്‍ക്കാറ്റേല്‍ക്കാനും വൈകുന്നേരങ്ങളില്‍ തീരസൗന്ദര്യം ആസ്വദിക്കാനും കഴിയുന്ന തരത്തിലേക്ക് ബീച്ച് മാറിക്കഴിഞ്ഞു.
2020ല്‍ പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര ബ്ലൂ- ഫ്ളാഗ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് കാപ്പാടിന്‍റെ മുഖം മാറിയത്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ ഗ്രീൻ കാർപെറ്റ് പദ്ധതി നടപ്പാക്കി. 99.95 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, ശുചിമുറികൾ, സിസിടിവി കാമറ, കളിയുപകരണങ്ങൾ, ലാൻഡ് സ്കേപ്പിങ്, നടപ്പാത, ശുചിമുറി, ലഘുഭക്ഷണശാല, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനുള്ള സ്ഥലം എന്നിവ സജ്ജമാണ്.
കാപ്പാടിന്‍റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം പ്രകൃതിക്ക് ഒരുതരത്തിലും ദോഷം ചെയ്യാത്ത തരത്തിലുള്ള നിര്‍മാണ പ്രവർത്തികളാണ് നടത്തിയത്. പുതിയ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. പകരം ഡൽഹിയിൽ നിന്നും എത്തിച്ച മുളകളാണ് കൂടുതലായും ഉപയോഗിച്ചത്. ബീച്ചിന്‍റെ സൗന്ദര്യ സംരക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് 30 ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി തീരത്ത് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിച്ചു. പൊലീസുകാരുടെ അംഗബലവും കൂട്ടി. മുതിർന്നവർക്ക് ഇരുപത്തിയഞ്ചും പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവർക്ക് പത്ത് രൂപയുമാണ് പ്രവേശന ഫീസ്. പത്ത് വയസില്‍ താഴെയുള്ളവർക്ക് പ്രവേശന ഫീസില്ല.
പ്രവേശന ഫീസ് പൂർണമായും ഒഴിവാക്കാൻ പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുകയാണെന്ന് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് സതി കിഴക്കയിൽ ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് കാലം കഴിയുന്നതോടെ കാപ്പാട് ബീച്ചിലേക്ക് വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. കാപ്പാടിന്‍റെ ചരിത്രവും സൗന്ദര്യവും തേടി നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികൾ എത്തി തുടങ്ങിയിട്ടുണ്ട്. ബീച്ച് സജീവമാകുന്നതോടെ കാഴ്ചക്കാരെ പ്രതീക്ഷിച്ചിരിക്കുന്ന കച്ചവടക്കാർക്കും അത് ആശ്വാസമാകും.
കാപ്പാട് ടൂറിസം കേന്ദ്രത്തിന്‍റെ മുഖച്ഛായ മാറിയതോടെ കാടുകയറി നശിച്ച് കൊണ്ടിരുന്ന വാസ്കോഡ ഗാമയുടെ പേരിലുള്ള സ്തൂപത്തിനും നിറം വെച്ചു. ഇന്ത്യയിലേക്ക് വിദേശികൾക്ക് വഴിയൊരുക്കിയ കാപ്പാട് കടപ്പുറം ചരിത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും ഏറെ താല്‍പര്യമുള്ള പ്രദേശമെന്ന നിലയില്‍ കൂടിയാണ് ശ്രദ്ധ നേടുന്നത്.
വരൂ കാണൂ... പോകാം കാപ്പാട് ബീച്ചിലേക്ക്
കോഴിക്കോട് - കണ്ണൂർ ഹൈവേയില്‍ (NH 66) കോഴിക്കോട് ഭാഗത്ത് നിന്നും വരുമ്പോള്‍ തിരുവങ്ങൂര്‍ എന്ന സ്ഥലത്ത് നിന്നും ഇടത് ഭാഗത്തേക്ക് ഉള്ള റോഡില്‍ രണ്ടു കിലോമീറ്റര്‍ പോയാല്‍ കാപ്പാട് എത്താം. ഹൈവേ സൈഡില്‍ കാണുന്ന രീതിയില്‍ തന്നെ കാപ്പാട് എന്ന് എഴുതിയ ബോര്‍ഡ് കാണാന്‍ സാധിക്കും. കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് കൊയിലാണ്ടി കഴിഞ്ഞു പൂക്കാട് എന്ന ജംങ്ഷനില്‍ നിന്നും വലത് ഭാഗത്തേക്ക് ഉള്ള റോഡ് വഴിയും കാപ്പാട് എത്താന്‍ സാധിക്കും. എട്ട് കി.മീ അകലെയുള്ള കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗ്ഗവും ഈ തീരത്തേക്ക് എത്താം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 26 കി.മീ സഞ്ചരിക്കണം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 44 കിലോമീറ്ററാണ് കാപ്പാടേക്കുള്ള ദൂരം.