കോഴിക്കോട്: യൂത്ത് കോൺഗ്രസ് (Youth Congress) സംഘടന തെരഞ്ഞെടുപ്പിന് താത്കാലിക സ്റ്റേ. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്‌തത്. കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാർഥി ഷഹബാസിൻ്റെ പരാതിയിലാണ് നടപടി.
സംഘടനയുടെ സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്‌തിട്ടുണ്ട്. യൂത്ത് കോൺഗ്രസിൽ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് താത്കാലികമായി സ്റ്റേ ചെയ്‌ത കോടതി വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ മാറ്റി എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണിലാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ നേരിട്ടാണ് മത്സരിക്കുന്നത്. എ ഗ്രൂപ്പില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്നും അബിന്‍ വര്‍ക്കിയുമായിരുന്നു സ്ഥാനാര്‍ഥികള്‍.
വോട്ടെടുപ്പ് നടപടികൾ പൂര്‍ത്തിയായ ശേഷം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഭിമുഖത്തിനും ശേഷമാണ് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരിക. സ്‌മാര്‍ട്ട് ഫോണില്‍ പ്രത്യേക ആപ്പിലൂടെ ആയിരുന്നു സംഘടന തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കുന്നതെന്ന് നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സ്‌മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വോട്ടെടുപ്പിൽ ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ആളിനെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ ജൂൺ നാലിനായിരുന്നു സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയവരുടെ അവസാന പേരുകൾ പ്രസിദ്ധീകരിച്ചത്. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പട്ടിക തയ്യാറാക്കിയതും പ്രസിദ്ധീകരിച്ചതും.
23 പേരായിരുന്നു ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. അനീഷ് എസ് ടി സുകുമാരൻ, അബിൻ വർക്കി, അഡ്വ. കെ എ അബിദ് അലി, അഡ്വ. ഒ ജെ ജനീഷ്, അനുതാജ്, അരിത ബാബു, ബിനു ചുള്ളിയിൽ, വി പി ദുൽഖിഫിൽ, എറിക് സ്റ്റീഫൻ, ഫാറൂഖ് ഒ, ജെ എസ് അഖിൽ, ജിൻഷാദ് ജിന്നാസ്, ജോമോൻ ജോസ്, കെ എം അഭിജിത്ത്, ലിന്‍റോ പി അന്തു, എം പി പ്രവീൺ, ആർ ഷാഹിൻ, രാഹുൽ മാങ്കൂട്ടത്തിൽ, എസ് ജെ പ്രേംരാജ്, ഷിബിന വി കെ, വൈശാഖ് ദർശൻ, വീണ എസ് നായർ, വിഷ്‌ണു സുനിൽ എന്നിവരായിരുന്നു ഉൾപ്പെട്ടത്. ഇവരില്‍ നിന്നായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി രാഹുല്‍ മാങ്കൂട്ടത്തിലിനെയും അബിന്‍ വര്‍ക്കിയേയും തെരഞ്ഞെടുത്തത്.
ഇതിന് പിന്നാലെ, തൃശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിന്‍റെ പുങ്കുന്നത്തെ വസതിയായ മുരളീ മന്ദിരത്തില്‍ ജൂണ്‍ എട്ടിന് രാത്രിയിലായിരുന്നു സുധാകരപക്ഷം യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പായിരുന്നു മുഖ്യ അജണ്ട.