കോഴിക്കോട്: എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്ലസ് ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയിൽ അപാകതകൾ ഇല്ലെന്നും വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാർ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു.
സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക മാനുവൽ ഇത്തവണ തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നോൺ അക്കാദമിക്ക് കാര്യങ്ങൾക്കായാണിത്. എല്ലാ സ്‌കൂളുകളിലും പൂർവ വിദ്യാർഥി സംഘടന രൂപീകരിക്കാനുള്ള നിർദേശം ഈ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.