കോഴിക്കോട്: രമേശ് ചെന്നിത്തലക്ക് ഗവർണർ പദവിയെക്കുറിച്ച് അജ്ഞതയെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള. ഗവർണർ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാം. സഭാ വിഷയങ്ങളിൽ ഇടപെടുന്നതിൽ തെറ്റില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. താൻ കേരളത്തിലേക്ക് എപ്പോള്‍ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കേണ്ടെന്നും അദ്ദേഹം വിമർശിച്ചു.
ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കത്തിൽ ശ്രീധരൻപിള്ള ഇടപെടുന്നത് ബിജെപിക്കാരനെ പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സാധാരണ നിലയിൽ ഗവർണർമാർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. ഗവർണർ ആണെന്നത് മറക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെയാണ് ശ്രീധരൻപിള്ള പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിൽ തെറ്റില്ലെന്നും പ്രശ്‌നം പരിഹരിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു.