കോഴിക്കോട് : വീഴ്‌ചകളില്‍ മനസും ശരീരവും തളര്‍ന്നുപോയവര്‍. ദുരന്തങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയവര്‍. നാലുചുവരുകള്‍ക്കുള്ളില്‍ ജീവിതം ഒതുക്കേണ്ടിവന്നവർ. ഇത് വെറുമൊരു ഒത്തുചേരല്‍ ആയിരുന്നില്ല (specially challenged people meetup Arike Kozhikode). വേദനകള്‍ മറന്ന് അവര്‍ പാടി, മനസ് നിറഞ്ഞ് ചിരിച്ചു...
പെരുവയല്‍ ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടത്തിയ കുടുംബസംഗമം. 'അരികെ' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ എത്തിയത് നൂറ് കണക്കിന് ഭിന്നശേഷിക്കാര്‍. പാട്ടും കളിയും തമാശകളും അനുഭവങ്ങൾ പങ്കുവക്കലും പരിചയപ്പെടലും ഒക്കെയുണ്ടായിരുന്നു.
പലരും ഏറെ കാലത്തിന് ശേഷം വീടിന് പുറത്തിറങ്ങുന്നവര്‍. തന്നെപോലെ തന്നെ വേദന തിന്ന് ജീവിക്കുന്നവരെ കണ്ടതും സംസാരിച്ചതും എല്ലാവരിലും ഉണ്ടാക്കിയത് തികഞ്ഞ ആത്‌മവിശ്വാസം. വീടിനുള്ളില്‍ ഒതുങ്ങി കൂടേണ്ടവരെല്ലെന്ന് മനസില്‍ ഉറപ്പിച്ച്, വീണ്ടും കാണാമെന്ന പ്രതീക്ഷയും പങ്കുവച്ചാണ് ഇവര്‍ മടങ്ങിയത്.